Brahmapuram Fire: ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ബ്രഹ്മപുരം മാലന്യപ്ലാന്റ് ഇന്ന് സന്ദർശിക്കും
Fire At Brahmapuram: ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തിയത്.
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിയോടെ ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുന്നത്. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരും ഇവിടെയെത്തും. ഇതിനിടയിൽ ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തിയത്. തുടർന്ന് പോലീസ് സംരക്ഷണത്തിൽ ലോറികൾ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യമാണ് പ്ലാന്റിനകത്ത് തീ പിടിത്തം ബാധിക്കാത്ത സ്ഥലത്തിടാൻ എത്തിച്ചത്.
പ്രതിഷേധത്തെ തുടർന്ന് അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ ഇതിനെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്നും പുലർച്ചെ രണ്ടു മണിയോടെയാണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്. എന്നാൽ യാതൊരു തരം തിരിവും നടത്താതെയാണ് മാലിന്യം എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ബ്രഹ്മപുരത്ത് പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സര്‍വ്വേ നടത്താന്‍ തീരുമാനം. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.പുക മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കുന്നത്. ഐഎംഎ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നല്‍കും. പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കുമെന്നും ഇതിലൂടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...