Brahmapuram plant fire: അതെന്താ ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികളുടെ ശ്വാസകോശം സ്പോഞ്ച് പോലെ അല്ലേ? എറണാകുളം കളക്ടറോട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
Ernakulam Collector: ബ്രഹ്മപുരം മാലിന്യനിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വൻതോതിൽ വിഷപ്പുക വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് സ്‌കൂളുകൾക്ക് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചതിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ബ്രഹ്മപുരം മാലിന്യനിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് വൻതോതിൽ വിഷപ്പുക വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
മുൻകരുതൽ നടപടിയായി എറണാകുളം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് അവധി നൽകിയത്. എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളെയും കനത്ത പുകയാണ്. എന്നാൽ, ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്.
നഗരസഭയുടെ കീഴിൽ ഉൾപ്പെടെ വരുന്ന ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തിയത്.
‘മറ്റു കുട്ടികളുടെ കാര്യം എങ്ങനെയാണ് അവരും കുട്ടികൾ തന്നെയല്ലേ അവർക്കും ഇത് എഫക്ട് ചെയ്യുന്നതല്ലേ പിന്നെ എന്തുകൊണ്ട് അവർക്ക് അവധി കൊടുക്കുന്നില്ല. ഞാൻ ഉദ്ദേശിച്ചത് ഹൈസ്കൂളിലെയും കോളേജിലെയും കുട്ടികളെ കുറിച്ചാണ് ഇതിന്പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു’, ‘കുട്ടികൾ എത്ര ചെറുതായാലും വലുതായാലും ജീവന്റെ വില ഒന്നല്ലേ. രക്ഷിതാക്കൾക്ക് മക്കൾ എല്ലാം ഒരുപോലെയാണ്’, ‘ഏത് പ്രായക്കാരായാലും ശ്വാസ തടസ്സം വന്നാല്‍ ബുദ്ധിമുട്ട് തന്നെയാണ്. സ്കൂള്‍ മുതല്‍ കോളേജ് വരെയുള്ള കുട്ടികൾ ഫൈനൽ പരീക്ഷയുടെ തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അസുഖം വന്നാല്‍ അവരുടെ ഫൈനൽ എക്സാം കുഴയും. ദയവായി പുക നിയന്ത്രണത്തിൽ ആവുന്നത് വരെ അവധി പ്രഖ്യാപിക്കണം,’ എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.
'ഏഴാം ക്ലാസിന് മുകളിലുള്ളവരുടെ ശ്വാസകോശം സ്പോഞ്ചു പോലെയല്ലേ?', 'എഴാം ക്ലാസിന് മുകളിൽ ഉള്ള കുട്ടിക്കൾക്ക് അന്തരീക്ഷ മലിനീകരണം മൂലം പ്രശ്നം വരില്ലേ', 'ഹൈസ്കൂൾ കുട്ടികളുടെ അടുത്ത് എത്തുമ്പോൾ പുക മാറിപോകുമോ?', ' ഏഴ് മുതലുള്ള ക്ലാസുകളിലേക്ക് കയറാത്ത ഒരു പ്രത്യേക തരം പുകയാണ്' തുടങ്ങിയ പരിഹാസ കമന്റുകളും കളക്ടറുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ആണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...