തിരുവനന്തപുരം : ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല. മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത അടിയന്തര ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുണ്ട്. അതേസമയം ജൈവമാലിന്യങ്ങൾ പരമാവധി ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നിർദേശം നൽകുമെന്ന് യോഗത്തിൽ തീരുമാനമായി. ഇതിനായി വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി ഏർപ്പെടുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള റോഡ് സൗകര്യം ഉടൻ ഉറപ്പാക്കും. ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ  ബോധവല്‍ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം തന്നെ ഇത്രയും ദിവസം തീ അണയ്ക്കാനായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു.


ALSO READ : Brahmapuram Plant Fire : കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; പൊതുപരീക്ഷകൾക്ക് മാറ്റമില്ല


മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സ്, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്‍റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് ആണ് പ്രധാനമായും  പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്‍റെ ആക്കം കൂട്ടി. തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി. 


അതേസമയം, കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർകയാണ്. ഇതുവഴിയാണ് പ്ലാന്‍റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്‌. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ  മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.


ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടുത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വരികയാണ്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്.


യോഗത്തില്‍ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണ ജോര്‍ജ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ബി.സന്ധ്യ, ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് തുടങ്ങിയവര്‍ സംസാരിച്ചു. എയർഫോഴ്സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.