Brahmapuram Plant Fire : ബ്രഹ്മപുരം തീപിടുത്തം; നാളെയും സ്കുളുകൾക്ക് അവധി; ഹൈക്കോടതി സ്വമേധയ കേസെടുത്തു
Brahmapuram Fire Kochi Schools Holiday : ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായിട്ട് കൊച്ചിയിൽ ഏഴാം ക്ലാസ് വരെ വിദ്യാർഥികൾക്കാണ് അവധി
കൊച്ചി : ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നാളെ മാർച്ച് ഏഴ് ചൊവ്വ കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും നഗരസഭകളുടെ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് ജില്ല കലക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധി. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ല കലക്ടർ അറിയിച്ചു.
വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴാം ക്ലാസ് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കുളുകൾക്കും അവധി ബാധകമാണെന്ന് ജില്ല കലക്ടർ വ്യക്തമാക്കി. അതേസമയം പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
ബ്രഹ്‌മപുരത്തെ തീപിടുത്തത്തിൽ സംസ്ഥാന ഹൈക്കോടതി സ്വമേധയ കേസെടുത്തു. വിഷയം നാളെ ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തീ കത്തി തുടങ്ങിട്ട് അഞ്ച് ദിവസമായിട്ടും അണയ്ക്കാൻ സാധിക്കാത്തതും വിഷപുക ഉയർന്ന സാഹചര്യം മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്ത് ലഭിച്ചിരുന്നു. ഇതെ തുടർന്നാണ് കോടതി സ്വമേധയ കേസെടുത്തത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ. ഉയർന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്ലാന്റിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നത്തോടെ തീ പൂർണമായി അണയ്ക്കാൻ കഴിയുമെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രശ്നം ഗൗരവമുള്ളതാണ്, ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായും വി.ഡി.സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...