Buffer zone: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി ബിഷപ്
Buffer Zone Kerala: ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുന:പരിശോധിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ആവശ്യപ്പെട്ടു.
കോട്ടയം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ. ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്ന് ജോസ് പുളിക്കൽ പറഞ്ഞു. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുന:പരിശോധിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ആവശ്യപ്പെട്ടു.
അതേസമയം ബഫർസോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസക്കുന്നതെന്നും ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് വ്യക്തമാക്കി. മുണ്ടക്കയത്ത് നടത്തിയ ബഫർ സോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വെറും വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ് പറഞ്ഞു. ബഫർസോൺ വിഷയത്തിൽ കർഷകർക്കൊപ്പമാണ് തങ്ങളുടെ പിന്തുണയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി അതിരൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ വിരുദ്ധ ജനകീയ സമിതിയാണ് പ്രതിഷേധo സമരം നടത്തിയത്.
ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ മാപ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും രംഗത്തെത്തിയിരുന്നു. പഞ്ചായത്തുകളുടെ സഹായത്തോടെ സർവേ നടത്തി കർഷകരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...