Captain Satheesan: `ക്യാപ്റ്റന്‍ സതീശന്`... ഇത് വിഡി സതീശന്റെ വിജയം; കേരളത്തിലെ കോണ്‍ഗ്രസ് ഇനി കൈപ്പിടിയില്‍
VD Satheesan: തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഉമ തോമസ് ആണെങ്കിലും, കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇത് വിഡി സതീശന്റെ വിജയമാണ്. വിഡി സതീശനിൽ നിന്ന് ക്യാപ്റ്റൻ സതീശനിലേക്കുള്ള മാറ്റമായും ഇതിനെ വിലയിരുത്താം
തിരുവനന്തപുരം/കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നിശ്ചയിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ അതിനപ്പുറം, ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലനില്പ് എന്തെന്ന് കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ആ ചര്‍ച്ചകളെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഇനിമുതല്‍ വിഡി സതീശനാണ് കേരളത്തിലെ കോണ്‍ഗ്രസ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിനുള്ളിലും ആശങ്കകളുണ്ടായിരുന്നു. ആരൂഢമെന്നൊക്കെ കെ സുധാകരന് പറഞ്ഞപ്പോഴും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കാടിളക്കിയുള്ള എല്‍ഡിഎഫ് പ്രചാരണം നേതാക്കളില്‍ ചെറുതല്ലാത്ത ഭയം സൃഷ്ടിച്ചിരുന്നു. മാത്രമല്ല, ഈ തിരഞ്ഞെടുപ്പില്‍ ഉമ തോമസ് വിജയിച്ചാല്‍, അത് വിഡി സതീശന്റെ തേരോട്ടത്തിനുള്ള പച്ചക്കൊടിയാണെന്ന് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് നല്ല ധാരണയുണ്ടായിരുന്നു.
എന്നാല്‍, അതെല്ലാം മറികടന്ന് ഉമ തോമസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നു. അതോടെ വിഡി സതീശന്റെ കൈപ്പിടിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ഒതുങ്ങും. 'ക്യാപ്റ്റന്‍ (ഒറിജിനല്‍)' എന്ന ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റും അതിനെ പിന്തുണച്ച് ടിഎന്‍ പ്രതാപനം അനില്‍ അക്കരയും ഒക്കെ എത്തിയത് ആ പ്രയോഗം വൈറല്‍ ആയതും ഒന്നും വെറുതേ സംഭവിച്ചതല്ല എന്ന് സാരം.
വിഡി സതീശന്റെ വരവില്‍ തന്നെ കേരളത്തിലെ നിലവിലുണ്ടായ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും. രമേശ് ചെന്നിത്തലയ്ക്ക് ഇക്കാര്യത്തില്‍ അസ്വസ്ഥതയുണ്ടാകാന്‍ വേറേയും കാരണമുണ്ട്. ഐ ഗ്രൂപ്പില്‍ നിന്ന് ചെന്നിത്തലയെ പിന്തുണയ്ക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ആളായിരുന്നു സതീശന്. എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലില്‍ അട്ടിമറിയ്ക്കപ്പെട്ടു. ആ അതൃപ്തികള്‍ ഇപ്പോഴും പുകയുകയാണ്. ആ പുകച്ചിലുകളെല്ലാം ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ അപ്രസക്തമാക്കപ്പെടുകയാണ്.
പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം, വിഡി സതീശന്റെ സ്വന്തം ജില്ല കൂടിയാണ് എറണാകുളം. തുടര്‍ച്ചയായി അഞ്ച് തവണ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുവന്ന ആളും ആണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ പലപ്പോഴും അര്‍ഹിച്ച പരിഗണന കിട്ടാതെ പോയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് വിഡി സതീശന്. ഇനി എന്തായാലും ഉമ്മന്‍ ചാണ്ടി യുഗത്തിനും രമേശ് ചെന്നിത്തല യുഗത്തിനും ശേഷം വിഡി സതീശന് യുഗത്തിന്റെ തുടക്കമാവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...