Case against Vava suresh: മൂർഖൻ പാമ്പിനെ മൈക്കായി മാറ്റി വാവ സുരേഷ് ; കേസെടുത്ത് വനം വകുപ്പ്
Snake catcher Vava Suresh: പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലാത്ത സാഹചര്യത്തിലാണ് വാവ സുരേഷ് പാമ്പിനെ മൈക്കാക്കി ക്ലാസെടുത്തത്
കോഴിക്കോട്: പ്രമുഖ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെതിരെ കേസ് എടുത്തിരിക്കുകയാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത് . ഇതിന് പിന്നാലെയാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസ് എടുത്തത് . വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ല. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ , സംഘാടകർക്കെതിരെ കേസില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് വ്യക്തമാക്കി. വാവ സുരേഷ് പരിപാടിയിൽ പാമ്പിനെ എത്തിച്ചത് സംഘാടകരുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷിന്റെ സ്പെഷ്യൽ ക്ലാസ്.
പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോഴാണ് മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ ക്ലാസെടുത്തത് . പിന്നീട് ഇതിന്റെ ചിത്രങ്ങളും പരിപാടിയിൽ പങ്കെടുത്തവരുടെ കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വ്യാപക വിമർശനങ്ങൾ ഉയർന്നതോടെയാണ് വനം വകുപ്പ് നടപടിയെടുത്തത്. ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കാതെ പാമ്പുകളെ കൈകാര്യം ചെയ്യുന്നതും മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ ക്ലാസെടുക്കാൻ വിഷ പാമ്പുകളെ കൊണ്ടുവന്നതുമാണ് കടുത്ത വിമർശനത്തിന് കാരണമായത്.
വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്ത് വെച്ചായിരുന്നു
അന്ന് ഗുരുതരാവസ്ഥയിലായ സുരേഷ് ഏറെ നാളത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത് . ഇനി സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പുപിടിക്കരുതെന്ന് വാവ സുരേഷിനെ സ്നേഹിക്കുന്നവർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...