തിരുവനന്തപുരം:  അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെ മരണം തട്ടിയെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ബാലുവിന്‍റെ  മരണത്തിനു തൊട്ടുപിന്നാലെതന്നെ സംഭവത്തില്‍  ദുരൂഹതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.  എന്നാല്‍  ഇപ്പോള്‍ ആ സംശയങ്ങള്‍ ശരി വയ്ക്കും വിധം   ബാലഭാസ്‌കറിന്‍റെ  മരണത്തില്‍ അന്വേഷണം സിബിഐ  (CBI) ഏറ്റെടുത്തിരിക്കുകയാണ്. 


സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക്  ബാലഭാസ്കറിന്‍റെ  മരണവുമായി  ബന്ധമുണ്ടെന്ന സംശയമുയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്തുകേസിലെ പ്രതിയെ കണ്ടിരുന്നതായി ചില  വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. കൂടാതെ, ബാലഭാസ്‌കറിന്‍റെ  അക്കൗണ്ടില്‍ നടന്ന ചില തിരിമറികള്‍ സംശയത്തിന് ആക്കം കൂട്ടി. ഈ വിഷയം കുടുംബവും  ആരോപിച്ചിരുന്നു. 


ബാലഭാസ്‌കറിന്‍റെ  മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബവും സുഹൃത്തുക്കളും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.  


അപകടം നടന്ന സ്ഥലത്ത് ദുരുഹമായി ചിലരെ കണ്ടുവെന്ന് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും  ബാലഭാസ്‌ക്കറിന്‍റെ ഒപ്പമുള്ള  വിഷ്ണു, പ്രകാശ് തമ്പി  എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതുമാണ്  അപകടത്തിന് പിന്നിലെ ദുരൂഹത വര്‍ധിച്ചത്.


കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തത്. ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ കേസിന്‍റെ  അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 


സംഗീതഞ്ജന്‍ ബാലഭാസ്കറിന്‍റെ  മരണം സംബന്ധിച്ച അന്വേഷണം കേരള പോലീസില്‍ നിന്നും സി.ബി.ഐ ഏറ്റെടുത്തു. മുഖ്യമന്ത്രിക്കു ബാലഭാസ്കറിനറെ പിതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിസംബറില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. 


ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍  സ്വര്‍ണക്കടത്തു സംഘത്തിന്‍റെ  ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്‍റെ  പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ   നിലപാട്. 


ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു  ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തല്‍.  ഡ്രൈവി൦ഗ് സീറ്റിന്‍റെ   മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാലഭാസ്കറിന്റെയും മകളുടെയും  മരണത്തിനിടയാക്കിയത്  കാറിന്‍റെ  അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലായിരുന്നു  ക്രൈംബ്രാഞ്ച്.


അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്‍റെ  ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്‍റെ  ദൃക്സാക്ഷി നന്ദുവിന്‍റെയും  മൊഴി. എന്നാല്‍, ബാലഭാസ്കറിനെ ഡ്രൈവി൦ഗ്  സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ഫൊറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.


ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ്  ജംക്‌ഷനു സമീപം 2018  സെപ്റ്റംബര്‍  25 ന് പുലര്‍ച്ചെയായിരുന്നു അപകടം.  ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. 
അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും  അപകടത്തില്‍ പരിക്കേറ്റിരുന്നു.  


അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പം ദുരൂഹതയ്ക്ക് കാരണമായി.