Coal shortage | കൽക്കരി ക്ഷാമം കേരളത്തേയും ബാധിക്കുന്നു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി
കേന്ദ്രത്തിൽ നിന്നും മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് വന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്
തിരുവനന്തപുരം: രാജ്യത്തെ കൽക്കരി ക്ഷാമം (Coal Shortage) കേരളത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്നും മാറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയിൽ (Electricity) കുറവ് വന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.
സംസ്ഥാനത്ത് 3000 മെഗാവാട്ടോളം വൈദ്യുതി ലഭ്യത കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ കേരളം വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ട്. എനർജി എക്‌സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്. ഇതിനിടെയാണ് കൽക്കരി ക്ഷാമത്തെ തുടർന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിൽ കുറവുണ്ടായത്.
കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവർകട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ രാജ്യത്തെ പ്രധാനപ്പെട്ട 45 താപ നിലയങ്ങളിൽ രണ്ടുദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളിൽ പൂർണമായും തീർന്നെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 135 താപ വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് താപ വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. മിക്ക നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...