കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ തെക്കൻ ഓടി വള്ളം മറിഞ്ഞു അപകടം. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ നടത്തിയതാണ് വള്ളം മുങ്ങാൻ കാരണമായത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. പരുക്കേറ്റവരെ ചമ്പക്കുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളം മറിഞ്ഞതിനെ തുടർന്ന് കലക്ടർ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.