ചന്ദ്രനിലെ സോഡിയം സാന്നിധ്യം; നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ2
ചന്ദ്രോപരിതലത്തിലെ മൂലക സാന്നിധ്യത്തെ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ് ക്ലാസ് ഉപകരണം
ചന്ദ്രനിലെ സോഡിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പുതിയ കണ്ടെത്തലുകളുമായി ചന്ദ്രയാൻ 2. നേരത്തെയുള്ള അനുമാനങ്ങളെക്കാൾ കൂടുതൽ അളവ് സോഡിയം ചന്ദ്രനിലുണ്ടെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇസ്രൊയുടെ ചന്ദ്ര പര്യവേഷണ പേടകത്തിലെ ക്ലാസ് എന്ന എക്സ് റേ സ്പെക്ട്രോമീറ്ററിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ പഠനത്തിന് പിന്നിൽ. ചന്ദ്രോപരിതലത്തിലെ മൂലക സാന്നിധ്യത്തെ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുകയാണ് ക്ലാസ് ഉപകരണം. ആസ്ട്രോ ഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് പുതിയ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐ എസ് ആർ ഒയുടെ ഉപഗ്രഹ നിർമ്മാണ കേന്ദ്രമായ ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററാണ് ക്ലാസ് ഉപകരണം നിർമ്മിച്ചത്.
രണ്ട് അവസ്ഥയിലാണ് സോഡിയം ചന്ദ്രനിലുള്ളതെന്നാണ് കണ്ടെത്തിയത്. ഉപരിതരത്തിൽ പരന്ന് കടക്കുന്ന അവസ്ഥയിലും ചന്ദ്രന്റെ ധാതുഘടനയുടെ ഭാഗമായ അവസ്ഥയിലുമാണിത്. ഉപരിതലത്തിൽ പരന്ന് കിടക്കുന്ന സോഡിയം കണങ്ങൾ സൂര്യവികരണം ഏൽക്കുമ്പോൾ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. ചന്ദ്രോപരിതലവും ചന്ദ്ര ബാഹ്യമണ്ഡലവും തമ്മിലുള്ള ഇടപെടൽ എങ്ങനെയെന്നതിൽ വ്യക്ത വരുത്താൻ പുതിയ കണ്ടെത്തലിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും സോഡിയം ഘടനയെക്കുറിച്ചുള്ള പഠനത്തിലൂടെ സാധ്യമാകും.
ബുധൻ അടക്കമുള്ള ഗ്രഹങ്ങളുടെയും മറ്റ് അന്തരീക്ഷ രഹിത ആകാശ ഗോളങ്ങളുടെയും ബാഹ്യമണ്ഡലത്തെ പറ്റിയുള്ള ഭാവി പഠനങ്ങൾക്ക് പുതിയ വിവരങ്ങൾ ഗുണം ചെയ്യുമെന്നാണ് സൂചന. വിക്ഷേപണ സമയം മുതൽ ചന്ദ്രയാൻ 2 വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഒർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതായിരുന്നു ദൗത്യം. എന്നാൽ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം വിജയിച്ചില്ല. എന്നാൽ ഇപ്പോൾ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിൽ വച്ചേറ്റവും മികച്ച ഓർബിറ്ററുകളിലൊന്നാണ് ചന്ദ്രയാൻ 2. ഇതിന്‍റെ പിൻഗാമിയായി ചന്ദ്രയാൻ 3 അടുത്ത വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...