Chittayam Gopakumar : ചിറ്റയത്തോട് ദേശാഭിമാനിയുടെ ചിറ്റമ്മനയം; വാർത്തയിൽ പേര് വെട്ടിയതിനെതിരെ തുറന്നടിച്ച് ചിറ്റയം ഗോപകുമാർ
മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചനയിൽ പങ്കെടുത്തെങ്കിലും പിറ്റേദിവസം പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിലെ വാർത്തയിൽ സിപിഐയുടെ നിയമസഭാംഗത്തിന്റെ പേരുണ്ടായിരുന്നില്ല.
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേര് വെട്ടി ദേശാഭിമാനി. നിയമസഭാ കവാടത്തിൽ നടന്ന അംബേദ്ക്കർ അനുസ്മരണത്തിൽ പങ്കെടുത്തിട്ടും ദേശാഭിമാനി കൊടുത്ത വാർത്തയിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് ചിറ്റയം ഗോപകുമാർ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ സിപിഎമ്മിന്റെ മുഖപത്രത്തിനെതിരെ പ്രതിഷേധം അറിയിച്ചത്.
ഏപ്രിൽ 14ന് മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിക്കുമൊപ്പം ഒപ്പമാണ് ചിറ്റയം ഗോപകുമാർ നിയമസഭ മന്ദിരത്തിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനക്കെത്തിയത്. എന്നാൽ, മന്ത്രിമാർക്കൊപ്പം പുഷ്പാർച്ചനയിൽ പങ്കെടുത്തെങ്കിലും പിറ്റേദിവസം പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിലെ വാർത്തയിൽ സിപിഐയുടെ നിയമസഭാംഗത്തിന്റെ പേരുണ്ടായിരുന്നില്ല. ഇതാണ് ഫേസ്ബുക്കിലൂടെയുള്ള സിപിഎമ്മിന്റെ പത്രത്തിനെതിരെ തുറന്നുപറയാൻ ഡെപ്യൂട്ടി സ്പീക്കറെ ചൊടിപ്പിച്ചത്.
നിയമസഭയിൽ പരിപാടിക്ക് എത്തുന്നതിന് മുന്നോടിയായി വാച്ച് ആൻഡ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചത് താൻ ആയിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ഫേസ്ബുക്കിൽ പറയുന്നു. സാമൂഹ്യനീതിയും സമത്വവും ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും ചിറ്റയം ദേശാഭിമാനിയെ തുറന്നു വിമർശിക്കുന്നുണ്ട്.
സിപിഐ പ്രതിനിധി ആയതു കൊണ്ടാണോ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒഴിവാക്കിയത് എന്നാണ് ചിറ്റയം ചോദിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റർ കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേർക്കുള്ള പരസ്യ വിമർശനം കൂടിയാണിത്.
ALSO READ : KSRTC : ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിക്കെതിരെ വിമർശനവുമായി സിഐടിയു
ചിറ്റയം ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.
.
.
.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.