തൃശ്ശൂര്‍: എഴുത്തുകാരനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു.  86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ 10:45 നായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അദ്ദേഹത്തിൻറെ പതിനെട്ട് പുസ്തകങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നാടകം, തിരക്കഥ, പത്രപ്രവർത്തകൻ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്‌ ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.  


Also Read: Actor VP Khalid : മറിമായത്തിലെ സുമേഷേട്ടൻ ഇനിയില്ല; വി.പി ഖാലിദിനെ മരണം കവർന്നത് ഷൂട്ടിങ് ലൊക്കേഷനിൽ വച്ച്


ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായിരുന്നു കൃഷ്ണൻകുട്ടി. ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായിരുന്നു. 


2500 ലേറെ ഭക്തിഗാനങ്ങൾ എഴുതി. അതിൽ മിക്കതും ഇന്നും മലയാളികൾ മൂളി നടക്കുന്ന പാട്ടുകളാണ്. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’, ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ ചൊവ്വല്ലൂരിന്റേതാണ്. മൂവായിരത്തോളം ഭക്തിഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.  ഹരിഹരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായ സർഗത്തിന് അദ്ദേഹമാണ് സംഭാഷണം നിർവഹിച്ചത്.


Also Read: Viral Video: വരണമാല്യം അണിയിക്കുന്നതിനിടയിൽ പ്രകോപിതനായ വരൻ ചെയ്തത്..! വീഡിയോ വൈറൽ


ആദ്യകാല സൂപ്പർഹിറ്റ് സിനിമയായ ‘പ്രഭാതസന്ധ്യ’യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നീ സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.  ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പടം സുകുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച് ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. 


ഹാസ്യ സാഹിത്യകാരനു‌ള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.