തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് (Christmas 2020) ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്.  പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലംകൃതമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശുദേവൻ പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവന്‍റെ പുല്‍ക്കൂട്ടിലെ ജനനം. ഓരോ ക്രിസ്തുമസും (Christmas 2020) 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് '. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്.


25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.  ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. 


Also Read: 177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക് 


ക്രൈസ്തവ ദേവാലയങ്ങളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥന ശുശ്രൂക്ഷകൾ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാർത്ഥനയും ഇക്കുറി വെർച്വുലായാണ് വിശ്വാസികൾ കൊണ്ടാടുന്നത്.


തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയും പാതിരാ കുര്‍ബാനയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. 


തിരുവനന്തപുരം (Thiruvananghapuram) പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ തിരുപ്പിറവി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്‍റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു.


എറണാകുളം (Ernakulam) സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന തിരുപ്പിറവി തിരുക്കർമ്മങ്ങളിൽ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. ക്രിസ്തു ജനിച്ച സമയത്തേതിന് സമാനമായി ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്ന് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.


Also Read: വജ്രം മുതല്‍ ഒട്ടകപക്ഷിയുടെ മുട്ട വരെ...


യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ നടന്നത്. 


എല്ലാ വിശ്വാസികൾക്കും Zee Hindustan Malayalam ടീമിന്റെ വക സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...