ADGP MR Ajith Kumar: സ്ഥാനക്കയറ്റത്തിന് പിന്നാലെ ക്ലീൻ ചിറ്റും; എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി വിജിലൻസ്
വീട് പണി സംബന്ധിച്ചുള്ള വിവരങ്ങൾ അജിത് കുമാർ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലൻസ്.
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറിയേക്കും.
മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന വിജിലൻസ് കണ്ടെത്തൽ. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, കവടിയാർ കൊട്ടാരത്തിന് സമീപം കോടികൾ മുടക്കി ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു, കുറവൻകോണത്ത് ഫ്ലാറ്റ് വിൽപ്പന, കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത്, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി തുടങ്ങിയവയാണ് എംആർ അജിത് കുമാർ നേരിട്ട ആരോപണങ്ങൾ.
എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമ്മിച്ചതെന്നും യഥാസമയം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്ക് അത് മറിച്ചു വിറ്റുവെന്നായിരുന്ന ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നുമായരുന്നു പരാതി. 37 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങാൻ കോണ്ടൂർ ബില്‍ഡേഴ്സ് കരാർ ഒപ്പിടുന്നത് 2009ലാണ്. 25 ലക്ഷം രൂപയാണ് ഇതിനായി വായ്പയെടുത്തത്. തുടർന്ന് 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറുകയും ചെയ്തു. എന്നാൽ അത് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് കണ്ടെത്തൽ.
2016ലാണ് ഫ്ലാറ്റ് വിൽക്കുന്നത്. നാല് വർഷം ഇവിടെ താമസിച്ച ശേഷമാണ് വിൽപന. വിൽപ്പന നടത്തുന്നതിന് 10 ദിവസം മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്തുവെന്നും 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായതെന്നുമാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് മന്ത്രിസഭ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത് വിവാദമായിരുന്നു. സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണങ്ങൾ ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ എംആർ അജിത് കുമാറിനെതിരെ നടക്കുന്നതിനിടെയാണ് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയാണ് എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുന്നതിന് ശുപാർശ ചെയ്തത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് സുപ്രീംകോടതിയുടെ വിവിധ വിധികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാർശ നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.