Climate Change : കാലാവസ്ഥ വ്യതിയാന പഠനം; തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വേണമെന്ന് മന്ത്രി എം വി ഗോവിന്ദൻ
കാലാവസ്ഥാ മാറ്റം അനുസരിച്ച് ഓരോ തദ്ദേശ പരിധിയിലും വരും കാലത്ത് ദിനാന്തരീക്ഷ ചൂടും മഴയുടെ തീവ്രതയും ഏതെല്ലാം തരത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചാണ് പദ്ധതി ആരംഭിക്കുന്നത്
തിരുവനന്തപുരം : ദുരന്ത സാഹചര്യങ്ങളെ അതിജീവിക്കാൻ താഴേത്തട്ടിൽ തന്നെ കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ അനിവാര്യമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കിലയും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാന വിവരം ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമാണ് പദ്ധതി. കാലാവസ്ഥാ മാറ്റം അനുസരിച്ച് ഓരോ തദ്ദേശ പരിധിയിലും വരും കാലത്ത് ദിനാന്തരീക്ഷ ചൂടും മഴയുടെ തീവ്രതയും ഏതെല്ലാം തരത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ അതാത് പ്രദേശത്ത് സ്വീകരിക്കേണ്ട കാലാവസ്ഥയ്ക്ക് ഇണങ്ങിയ പ്രവർത്തനങ്ങളും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. ദുരന്ത ലഘൂകരണ പദ്ധതികളും വികസനപദ്ധതികളും ഇതിനനുസരിച്ച് ആസൂത്രണം ചെയ്യാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ALSO READ : കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങളുമായി കാലാവസ്ഥ വകുപ്പ്
ഇതോടൊപ്പം തന്നെ ദിനാന്തരീക്ഷ സാഹചര്യങ്ങൾ സംബന്ധിച്ച മുന്നറിയിപ്പും ദുരന്ത മുന്നറിയിപ്പും പ്രാദേശികമായി ലഭ്യമാക്കാനുള്ള സംവിധാനവും വികസിപ്പിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി കണ്ടെത്താനും ഈ സംവിധാനം വഴി സാധിക്കും. തദ്ദേശ സർക്കാറുകളെ ദീർഘവീക്ഷണത്തോടെയും ശാസ്ത്രീയമായി ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തെ കൂടുതൽ സുരക്ഷിത സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു
ചടങ്ങിൽ തൃശൂർ നഗരസഭയും കിലയും തൃശൂർ ഗവൺമന്റ് എഞ്ചിനീറിംഗ് കോളേജും സംയുക്തമായി ഒരുക്കുന്ന ലേണിംഗ് സിറ്റി- സ്ട്രീറ്റ് ഫോർ കിഡ്സ് പദ്ധതിയും കിലയുടെ തദ്ദേശകം ഓൺലൈൻ വാർത്താ ചാനലിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. 2030ഓടുകൂടി നേടേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും കിലയും യോജിച്ചുള്ള പദ്ധതിക്കും തുടക്കമായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.