`ഓഖി`: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ ധന സഹായം
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ ധന സഹായം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പരിക്ക് പറ്റിയവര്‍ക്ക് 20,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതുവരെ 391 പേരെ രക്ഷപെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ ധന സഹായം സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പരിക്ക് പറ്റിയവര്‍ക്ക് 20,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതുവരെ 391 പേരെ രക്ഷപെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീരദേശ മേഖലകളില്‍ ഒരാഴ്ച്ച സൗജന്യ റേഷന്‍ നല്‍കുമെന്നും ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തുക അനുവധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സൗജന്യ വൈദ്യസഹായവും ഭക്ഷണവും ആശുപത്രികളില്‍ സജ്ജമാണ്.
മുപ്പത് ക്യാമ്പുകളിലായി മാറ്റിപാര്‍പ്പിച്ച 520 കുടുംബങ്ങള്‍ക്ക് മരുന്ന് വിതരണം നടത്തിയതായും ആരോഗ്യവകുപ്പ് തീരപ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിചേര്‍ന്ന നാവിക-കര സേനകള്‍ക്കും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രകൃതി ദുരന്തത്തില്‍ മാധ്യമങ്ങള്‍ ക്രിയാത്മകമായി സഹകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും അറിയിപ്പുകൾ കൃത്യമായി മത്സ്യത്തൊഴിലാളികളിൽ എത്താത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. അറിയിപ്പുകൾ യഥാസമയം എത്തിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.