ദുരിതാശ്വാസ നിധി തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ഹർജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞത്.
കൊച്ചി: ദുരിതാശ്വാസ നിധി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. സംഭവത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. അതിനാൽ ഇപ്പോൾ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പിനെ കുറിച്ച് സിബിഐ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
2018ലെയും 19ലെയും പ്രളയത്തിന് ശേഷം കൊവിഡ് കാലമായിരുന്നു. കോടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽ നിന്നും 2,865.4 കോടിയാണ് ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ 1,229.89 കോടി രൂപ കിട്ടി. ഉത്സവബത്ത -117.69 കോടി, മദ്യ വിൽപനയിലെ അധികനികുതി വഴി ലഭിച്ചത് 308.68 കോടി രൂപയാണ്. സംസ്ഥാന ദുരന്ത നിവാരണ വിഹിതം-107.17 കോടി അടക്കം ആകെ 4912.45 കോടി രൂപയാണ് സമാഹരിച്ചത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിൽ നിന്നും 2,356.46 കോടി രൂപ നൽകി. സർക്കാരിന്റെ കണക്ക് പ്രകാരം കുടുംബശ്രീയും പുനര്‍ഗേഹം പദ്ധതിയും കൃഷിയും റോഡും സൗജന്യ കിറ്റും അടക്കം വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടിരൂപ ചെലവാക്കിയിട്ടുണ്ട്. അതിനർത്ഥം പിരിഞ്ഞു കിട്ടിയതിൽ 772.38 കോടി രൂപ ഇനിയും ബാക്കിയുണ്ടെന്നാണ്. തുക ലഭിച്ചവരിൽ അനര്‍ഹരും ഉണ്ടെന്നായിരുന്നു വിജിലൻസ് അന്വേഷണ വിവരങ്ങൾ നൽകുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...