തിരുവനന്തപുരം: ആർ.എസ്​.എസിനെയും കോൺഗ്രസിനെയും പരിഹസിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ‍. ആര്‍.എസ്.എസ് ഭീഷണി വിലപ്പോവില്ല. ഒരു സ്ഥലത്തും കാലു കുത്താന്‍ അനുവദിക്കില്ലെന്നത് വെറും ഗീര്‍വാണം മാത്രമാണ്. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് പറയുന്നത് പോലെയാണതെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാധനാലയങ്ങളിൽ ആയുധപരിശീലനം നടക്കുന്നതായി അറിയാം. ഇതിനെതിരെ കടുത്ത നടപടി എടുക്കും. ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാൻ നിയമനിർമാണം പരിഗണനയിലാണെന്നു പിണറായി പറഞ്ഞു. കെ.സുരേന്ദ്രന്റെ കൊലവിളി പ്രസംഗത്തിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്നു പരിശോധിക്കുമെന്നും പിണറായി വ്യക്തമാക്കി.


ഇന്ത്യയില്‍ ഒരിടത്തും പിണറായി വിജയനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 
പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമര്‍ശനം തൊടുത്തു വിട്ടു. ആർഎസ്എസുമായി സമരസപ്പെടാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സുധീരനും കുമ്മനവും ഒരേ വാചകമാണു മുന്നോട്ടുവയ്ക്കുന്നത്. 


ആർഎസ്എസിനെ വിമർശിക്കുന്ന ഒരുപാടു ചോദ്യങ്ങൾ വരാനുണ്ട്. അത്തരം ഉപചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാനായിരിക്കാം പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ബാര്‍കോഴക്കസുമായി ബന്ധപ്പെട്ട ചോദ്യവും വരാനുണ്ട്. അയ്യോ തൊടാന്‍ പറ്റില്ലേ എന്ന നിലയില്‍ ഇറങ്ങിപ്പോയതാണ് പ്രതിപക്ഷമെന്ന് അദ്ദേഹം പരിഹസിച്ചു.