ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ  എന്നും ശ്രദ്ധിച്ചിരുന്നു. 



 


രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ  പ്രവർത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങൾ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. 


Also Read: Panakkad Hyderali Shihab Thangal: പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു


 


ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


ഗുരുതരാവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. 74  വയസ്സായിരുന്നു. അദ്ദേഹത്തിന് നേരത്തെ അർബുദം സ്ഥിരീകരിച്ചിരുന്നു. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറുമാണ്.