CM Pinarayi Vijayan: `നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവുമാണ് സർക്കാരിന്റെ ലക്ഷ്യം`; ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Guruvayur Railway Over Bridge: ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൃശൂർ: നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയിൽവേ മേൽപ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ മന്ത്രി കെ. രാജൻ, എൻ.കെ. അക്ബർ എംഎൽഎ, ടി.എൻ. പ്രതാപൻ എംപി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുൾ ഖാദർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേൺ റെയിൽവേ ചീഫ് എഞ്ചിനീയർ വി. രാജഗോപാലൻ തുടങ്ങിയവർ മുഖ്യാതിഥികളായി.
നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ടി.എസ് സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.