Vizhinjam: വിഴിഞ്ഞത്തെ തീരശോഷണം; പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan: തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മൂന്ന് മാസത്തിനുള്ളിൽ വിദഗ്ധസമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നാണ് തീരശോഷണം രൂക്ഷമായതെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇത് സംബന്ധിച്ച പഠനം നടത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വിദഗ്ധസമിതിയെ കൊണ്ട് അന്വേഷണം നടത്താൻ പ്രതിഷേധക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ തീരശോഷണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തീരദേശവാസികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഒരു ഘട്ടത്തിലും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാകില്ലെന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ പ്രതിമാസ വാടക സർക്കാർ വഹിക്കുമെന്നും 5500 രൂപ ഇതിനായി സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്നും സംഘർഷമുണ്ടാക്കാൻ രാഷ്ട്രീയ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, സമരസമിതി പ്രതിനിധികളുമായുള്ള മന്ത്രിതല ചർച്ച ഇന്ന് നടക്കും. സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച കാര്യം പ്രതിഷേധക്കാരെ മന്ത്രിമാർ അറിയിക്കും.
മത്സ്യത്തൊഴിലാളികളുടെ സമരത്തെ സംയമനത്തോടെയാണ് പോലീസും സർക്കാരും നേരിടുന്നത്. ഏത് വിധത്തിലും സംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്ക് സന്നദ്ധമായാണ് ഇന്നും നിൽക്കുന്നത്. സർക്കാരിന് ഒരു പിടിവാശിയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി കൊണ്ടുവരാൻ തങ്ങൾ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആരോപണം പിൻവലിക്കണമെന്നും സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...