കണ്ണൂർ: കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും വഴിതടയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വഴി തടയുന്നുവെന്ന് കാണിച്ച് ചിലർ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും ധരിക്കാൻ പാടില്ലെന്ന പ്രചാരണം തെറ്റാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേരള സ്​റ്റേറ്റ്​ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ലൈബ്രറി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ നാട്ടിൽ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടർക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ചില ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധകേരളം അതൊന്നും സമ്മതിക്കില്ല. ഈ പരിപാടിയിൽ പങ്കെടുത്ത പലരും പല തരത്തിൽ വസ്ത്രം ധരിച്ചവരാണ്. കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചരണം, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമാറ് ഉയർന്ന് വന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തിൽ ധരിക്കാൻ പാടില്ല എന്നതാണ്. മാസ്കും വസ്ത്രവും കറുത്ത നിറത്തിലുള്ളത് പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തിലേതൊരാൾക്കും ഇഷ്ടമുള്ള രീതിയിലും നിറത്തിലും വസ്ത്രം ധരിക്കാൻ അവകാശമുണ്ട്.


ALSO READ: PC George: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാകണമെന്ന് പിസി ജോർജ്


നേരത്തേ മുട്ടിന് താഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്ന, മാറ് മറയ്ക്കാൻ അവകാശമില്ലാതിരുന്ന പലരും പല പോരാട്ടങ്ങളും കേരളത്തിൽ നടത്തിയിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് നമ്മുടെ നാട് മാറിയത്. ഇവിടെ അത്തരമൊരു അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. എത്ര മാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതിന്‍റെ ഭാഗമായാണ് കറുത്ത വസ്ത്രം, മാസ്ക് ധരിക്കരുത് എന്ന് കേരളത്തിലെ സർക്കാർ നിലപാടെടുത്തു എന്ന പ്രചാരണം നടത്തുന്നത്.


കേരളത്തിൽ ഇടതുപക്ഷസർക്കാരാണ്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്‍റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ നാടിന്‍റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകും, ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തിൽ. കള്ളക്കഥകൾ മെനയുന്ന ശക്തികൾക്കെതിരെ പ്രവർത്തിക്കാനും നടപടിയെടുക്കാനും മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.