ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് CM Pinarayi Vijayan
ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കോവിഡ് (Covid) ഉയർത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സർക്കാർ, ജനങ്ങളോടു പ്രതിബദ്ധതയുള്ള ബദൽ നയങ്ങൾ പിന്തുടരുന്നതു കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കി.
നമ്മുടെ ആരോഗ്യ സംവിധാനങ്ങളിൽ ഉയർന്നുവന്ന ജനകീയ ബദൽ എന്ന ആശയം ലോകമൊട്ടാകെ എത്തിച്ചേർന്ന ഒരു കാലഘട്ടമാണ് ഇത്. ആ ബദലിന്റെ മുൻനിര പ്രവർത്തകരാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ, സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണ്. അതുകൊണ്ടുതന്നെ അത്തരക്കാർക്കെതിരെ കർക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ നാല് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ: Kerala COVID Update : ഇന്നും 20,000ത്തോളം പേർക്ക് കോവിഡ്, മരണം 150 പിന്നിട്ടു
ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നീണ്ടുനിന്ന ഈ കർമ്മപദ്ധതിയുടെ 80 ശതമാനം പരിപാടികളും പൂർത്തിയായി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ആരോഗ്യ മേഖലയിലടക്കം നാം കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയാണിത്. ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട മൂന്നു പദ്ധതികൾ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സബ് സെന്റർ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളിലെ 25 കോടി രൂപയുടെ പദ്ധതികളും അതിന്റെ തുടർച്ചയായി സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിൽ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളും അഞ്ച് മെഡിക്കൽ കോളേജുകളിലെ 14.09 കോടി രൂപയുടെ പദ്ധതികളുമായിരുന്നു അവ. മൂന്നിലുമായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളിൽ 56.59 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിനൊക്കെ പുറമെയാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം. ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ കരുതൽ വെളിവാക്കുന്നവയാണ് 37.61 കോടി രൂപ ചെലവഴിച്ചിട്ടുള്ള ഈ പുതിയ പദ്ധതികൾ.
ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഐസിയു സജ്ജീകരണങ്ങൾ. രാജ്യത്താകെ മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നു എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതുവരെയുള്ള കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിജയിപ്പിച്ചത് ഇവിടെയുള്ള മികച്ച പൊതുജനാരോഗ്യ സൗകര്യങ്ങളാണ്, രോഗം ബാധിച്ചവർക്ക് അവയിലൂടെ ലഭിച്ച പരിചരണമാണ്. മറ്റു പല ഇടങ്ങളിലും ആരോഗ്യ സംവിധാനങ്ങൾ പരാജയപ്പെടുന്നതും അതിന്റെ ഫലമായി ആളുകൾ വലിയ തോതിൽ മരണപ്പെടുന്നതും നാം കണ്ടു. എന്നാൽ, കേരളത്തിൽ അത്തരമൊരു സാഹചര്യം ഉണ്ടായില്ല. ഇവിടെ ഒരാൾക്കും മതിയായ ചികിത്സ ലഭിക്കാതെ പോയിട്ടില്ല.
മൂന്നാം തരംഗത്തെ കൂടി മുന്നിൽ കണ്ടുകൊണ്ട് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 2 പുതിയ ഐ സി യുകൾ കൂടി സജ്ജമായിരിക്കുകയാണ്. 100 കിടക്കകളാണ് അവയിൽ ഒരുക്കിയിട്ടുള്ളത്. ഈ ഐസിയുകൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതുകൂടാതെ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കുട്ടികളിൽ രോഗവ്യാപനം ഉണ്ടായാൽ അവരെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഈ ഐ സി യുകൾ സജ്ജമാക്കിയിരിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ (Health Centre) മെച്ചപ്പെടുത്തുന്നത് ആ പ്രദേശത്തിന്റെയാകെ ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ആ വിധത്തിലുള്ള കരുതലാണ് ഇന്നിവിടെ നടക്കുന്ന പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലും പ്രതിഫലിക്കുന്നത്. 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മിച്ച മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയിൽ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്ന നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിലേത്. ചികിത്സ പോലെ തന്നെ പ്രധാനമാണ് മരുന്നുകളുടെ ഗുണനിലവാരവും. 15,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ലബോറട്ടറി പ്രവർത്തനക്ഷമമാക്കുന്നതോടെ പ്രതിവർഷം ഏകദേശം 4,500 മരുന്നുകൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.
ശിശുക്കളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യംവെച്ചുള്ള ആയിരം ദിന പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനമാണിത്. കഴിഞ്ഞ കാലങ്ങളിൽ ശിശുമരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിൽ വലിയ നേട്ടം കൈവരിക്കാൻ കേരളത്തിനു സാധിച്ചു എന്നത് അഭിമാനകരമാണ്. 2016 ൽ സർക്കാർ അധികാരത്തിലേറിയപ്പോൾ ശിശുമരണ നിരക്ക് പത്ത് ആയിരുന്നു. ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച ലക്ഷ്യം 8 ആണെന്നിരിക്കെ, കേരളത്തിലെ ശിശുമരണ നിരക്ക് ഏഴിലേക്ക് കുറയ്ക്കാൻ നമുക്കു കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാം ഒന്നാമതാണ്. ഈ രംഗത്ത് നമുക്ക് ഇനിയും മുന്നേറാൻ കഴിയും.
ALSO READ: സംസ്ഥാനത്ത് വീണ്ടും Black Fungus മരണം, മരിച്ചത് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി
ആദ്യ ആയിരം ദിന പരിപാടി എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ കുട്ടിയ്ക്ക് 2 വയസു തികയുന്നതു വരെയുള്ള ആദ്യ ആയിരം ദിനങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പരിപാടി സഹായിക്കും. ഇതിനായി 2.19 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ചികിത്സയും (Treatment) ബോധവൽക്കരണവും അടക്കമുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.
നമ്മുടെ ജനകീയ ബദൽ വികസന നയങ്ങൾ കാലത്തിനൊത്ത് വിജയിക്കണം എന്നുണ്ടെങ്കിൽ അവയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാർ. അതിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽ എല്ലാവരുടെ ആത്മാർത്ഥമായ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...