തിരുവനന്തപുരം: അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം  ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  എന്നാൽ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്.  കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം  നൽകുന്ന സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം ക്യാമ്പുകൾ ആരംഭിക്കേണ്ടത്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.  ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്.  മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാമ്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ  വൃത്തിയാക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം.  ആവശ്യത്തിന് ശുദ്ധജലം  ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ  ശ്രദ്ധ ക്യാമ്പുകളിൽ ഉണ്ടാകണം. 
ആവശ്യത്തിന് മരുന്നുകൾ കരുതണം. വാക്സിൻ എടുക്കാത്തവരുടെയും  അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണം. 


തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജാഗ്രത പുലർത്തണം. 
ദേശീയ ദുരന്ത പ്രതികരണ  സേന നിലവിൽ നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്.  ആവശ്യമുള്ളവർ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർമി, നേവി, എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങൾ ദുരന്ത ഘട്ടങ്ങളിൽ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്.  അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണം.


രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഒരുക്കണം.  തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തങ്ങൾക്ക് ലഭ്യമായ വള്ളങ്ങളുടെയും  ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്പോൾ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. 
എസ്. ഡി. ആർ. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ ജില്ലകൾ കൈക്കൊള്ളണം. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകണം. പെട്ടെന്ന് മാറിപ്പോകാൻ പറയുന്ന സ്ഥിതി ഉണ്ടാവരുത്. മുൻകൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവർ യോജിച്ച്  നീങ്ങണം. വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. 
 
പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ  മുൻകരുതൽ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാൻ  ആവശ്യമെങ്കിൽ  മോട്ടോർ പമ്പുകൾ ഫയർഫോഴ്സ്  വാടകക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ  ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.


മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകൾ ഒഴിവാക്കണം. ഈ മഴ ദിനങ്ങളിൽ ജീവഹാനിയും  കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം. എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.