Coastal erosion: അഞ്ചങ്ങാടിവളവിൽ കടലേറ്റം രൂക്ഷം; തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിൽ
Coastal erosion in Thrissur: രണ്ടുദിവസത്തിനുള്ളിൽ മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. പഞ്ചായത്തിലെ പ്രധാന റോഡായ ബ്ലാങ്ങാട് - മുനക്കകടവ് റോഡിൽ അഞ്ചങ്ങാടി വളവ് ഭാഗത്ത് കേവലം 10 മീറ്ററോളം ദൂരെയാണ് ഇപ്പോൾ കടൽ.
തൃശൂർ: തൃശൂർ ചാവക്കാട് അഞ്ചങ്ങാടിവളവിൽ കടലേറ്റം രൂക്ഷം. ശക്തമായ തിരകളിൽ ഓരോ ദിവസവും തീരം കടലെടുത്ത് പോകുകയാണ്. രണ്ടുദിവസത്തിനുള്ളിൽ മീറ്ററുകളോളം കര കടലെടുത്തു കഴിഞ്ഞു. പഞ്ചായത്തിലെ പ്രധാന റോഡായ ബ്ലാങ്ങാട് - മുനക്കകടവ് റോഡിൽ അഞ്ചങ്ങാടി വളവ് ഭാഗത്ത് കേവലം 10 മീറ്ററോളം ദൂരെയാണ് ഇപ്പോൾ കടൽ.
കടലേറ്റം രൂക്ഷമായതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ കഴിയുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി കടലിന്റെ കലിയിളക്കത്തിൽ സർവ്വതും നഷ്ടപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങളാണ് തീരം വിട്ടുപോയത്. കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ രണ്ടുവർഷം മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ജിയോബാഗ് ഇപ്പോൾ ഇവിടെ കാണാനേയില്ല. ഇവ പൂർണമായും കടൽ തകർത്തെറിഞ്ഞു.
ജനരോഷം തണുപ്പിക്കാനായി കടൽക്ഷോഭ ബാധിത പ്രദേശങ്ങളിൽ പതിവായി ചെയ്യാറുള്ള കരിങ്കൽ നിക്ഷേപത്തിനും ജിയോബാഗ് സ്ഥാപിക്കുന്നതിനും പകരം ചെല്ലാനം മോഡൽ ടെട്രാ പോഡ് കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശങ്ങൾ ടിഎൻ പ്രതാപൻ എംപി സന്ദർശിച്ചു
കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശങ്ങൾ ടിഎൻ പ്രതാപൻ എംപി സന്ദർശിച്ചു. കേരള ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെടുകയും അടിയന്തരമായി കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ടിഎൻ പ്രതാപൻ പറഞ്ഞു. മന്ത്രി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും അടിയന്തരമായി തന്നെ കടപ്പുറം പഞ്ചായത്തിൽ തീരപ്രദേശം സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും ടിഎൻ പ്രതാപൻ എംപി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി. മൻസൂറലി, സാലിഹ ശൗക്കത്ത്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്, കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി മുസ്താഖലി എന്നിവർ എംപിക്കൊപ്പം സ്ഥലം സന്ദർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...