വെളിച്ചെണ്ണയുടെ വില കുതിക്കുന്നു
കൊച്ചി: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതോടെ വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 240 രൂപ വരെയാണ് വെളിച്ചെണ്ണയുടെ വില. വെളിച്ചെണ്ണ വില കൂടുന്നതോടൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില ഉയരുകയാണ്.
വെളിച്ചെണ്ണ വില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ഒരു വര്‍ഷത്തിനിടെ ക്വിന്റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറുരൂപയിലേറെയും. സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതമാണ് ഉയര്‍ത്തിയത്. പത്ത് ശതമാനം വര്‍ധനവാണ് ശുദ്ധീകരിക്കാത്ത പാം ഓയിലിനുണ്ടായത്. ഇതോടെ വിപണിയില്‍ വിലക്കയറ്റം തുടങ്ങി. രണ്ടാഴ്ചയ്ക്കിടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് 15 രൂപയോളം കൂടി. പാമോയിലിന് പത്ത് രൂപയും. തേങ്ങ വിലയിലും ആനുപാതികമായി വര്‍ധനയുണ്ട്. പച്ചത്തേങ്ങ വില കിലോയ്ക്ക് 50 രൂപയായി. മണ്ഡലമാസം കഴിയുന്നതോടെ തേങ്ങ വിലയും വെള്ളിച്ചെണ്ണ വിലയും കുറയുമെന്നാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്.