മലപ്പുറം: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായതോടെ ആശങ്കയിലായിരിക്കുകയാണ്  മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും.അടുത്ത അധ്യയന വര്‍ഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്തതിനാൽ  തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്കയക്കാനാകുമോ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

1 മുതല്‍ 7 വരെ ക്ലാസുകളിലായി അഞ്ഞൂറില്‍ പരം വിദ്യാര്‍ഥിളാണ് വളാഞ്ചേരി പൈങ്കണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളിലെ ശോചനീയാവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമായത്. എംഎല്‍എയുടെയും എംപിയുടെയും ആസ്തിവികസന ഫണ്ടില്‍നിന്നും അനുവദിച്ച തുകയിലാണ് കെട്ടിടനിര്‍മാണ പ്രവർത്തനം ആരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ആറ് ക്ലാസ് റൂമുകളാണ് ഇതുവരെ പണിപൂര്‍ത്തിയായിട്ടുള്ളത്. 12 ഓളം ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനായി വേണ്ടിവരുന്നത്. ഇതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്.


കെട്ടിടത്തിന്റെ പ്രവര്‍ത്തി മന്ദഗതിയിലായതോടെ മേലധികാരികളുമായി പ്രശ്‌നം ചര്‍ച്ചചെയ്തപ്പോള്‍ ഈ മാസം അവസാന ആഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി നിർമ്മാണ   പ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.


പ്രദേശവാസികളായ വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ അവസ്ഥകണ്ട് സ്‌കൂളില്‍ പഠിക്കാനാകുമോ എന്ന ആശങ്കപങ്കുവെയ്ക്കുന്നതായും രക്ഷിതാക്കള്‍ പറയുന്നു. പഴയ കെട്ടിടത്തിലേക്ക് പഠിക്കാനായി തങ്ങളുടെ കുട്ടികളെ അയയ്ക്കാനും രക്ഷിതാക്കള്‍ തയ്യാറല്ല. രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനങ്ങൾ  ദ്രുതഗതിയിലാക്കി നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കള്‍.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...