തിരുവനന്തപുരം: ഇന്ന് വൈകുന്നേരം നടക്കുന്ന കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് ഖാനോട് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവര്‍ണറുടെ ഓഫീസിലേയ്ക്ക് ഫോണില്‍ വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി തരണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കുകയും ചെയ്തു.


പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് കെ.കരുണാകരന്‍റെ മകനും എംപിയുമായ കെ.മുരളീധരന്‍ ഉന്നയിച്ചത്. 


പദവി അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലയെന്നും പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് ഇനിയും തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.


രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മാ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. 


ഇതിനെതിരെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മാത്രമല്ല അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്‍റെ പിആര്‍ഒ ആണോ എന്ന വിമര്‍ശനവും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.


വൈകിട്ട് നടക്കുന്ന കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ ഗവര്‍ണറെ വളരെ നാള്‍ മുന്‍പാണ്‌ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തില്‍ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന കാര്യം കണ്ടറിയണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.