തിരുവനന്തപുരം:മുൻ എസ്എഫ്ഐ നേതാവ് വിദ്യയുടെ അറസ്റ്റിൽ പ്രതികരണവുമായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലാണ് ഇപ്പോൾ പിടിയിലായത്. വിദ്യയെ പിടികൂടിയത് പൊലീസിന്റെ നാടകമെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ പാർട്ടി നേതാക്കളുടെ അനുവാദത്തോടെയുള്ള അറസ്റ്റാണ് വിദ്യയുടേതെന്നും കേസിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരവും വിദ്യക്ക് പൊലീസ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് താൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോൾ പ്രതിയെ പിടികൂടിയതാണ്. വിദ്യയെ കഴിഞ്ഞ രണ്ടാഴ്ചക്കാലം പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പറയുന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേണമെന്ന് വെച്ചാൽ കേരളാ പൊലീസിന്  പത്ത് മിനിറ്റിൽ ഇത്തരം കേസിൽ പ്രതിയെ പിടികൂടാൻ കഴിയും. അത് തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും സംസ്ഥാനത്തിന്റെ മുൻ ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.


ALSO READ: ഒടുവിൽ പിടിയിൽ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ പോലീസ് കസ്റ്റഡിയിൽ


വിദ്യക്കെതിരായ കേസിൽ ടവർ ലൊക്കേഷൻ പോലും നോക്കാതെ പാർട്ടി നേതാക്കൾ പറഞ്ഞത് കൊണ്ട് പൊലീസ് പ്രതിയെ പിടികൂടാതെ നിന്നതാണ്. ഇപ്പോൾ പാർട്ടിയുടെ അനുവാദത്തോടെയാണ് അറസ്റ്റെന്നാണ് തന്റെ വിശ്വാസം.  ഇക്കാര്യത്തിൽ പൊലീസിന് ഒരു ന്യായീകരണവും പറയാനില്ലെന്നും പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ആസൂത്രിത നാടകമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന് രാത്രിയോടെ കോഴിക്കോട് മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ രേഖയുണ്ടാക്കിയ വിദ്യ ആദ്യം കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. പിന്നീട് പാലക്കാട് അട്ടപ്പാടി കോളേജിൽ ജോലിക്കായി ഇന്റർവ്യൂവിന് മഹാരാജാസ് കോളേജിലെ രേഖ ഹാജരാക്കി.


എന്നാൽ ഇവിടുത്തെ മറ്റൊരു അധ്യാപിക മുൻപ് മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്നതിനാൽ ഇത് വ്യാജരേഖയാണെന്ന് സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളേജിൽ അറിയിക്കുകയായിരുന്നു. കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മൂന്ന് ദിവസത്തിന് ശേഷം പാലക്കാട് അഗളി പൊലീസിന് കൈമാറി. അഗളി പൊലീസ് രണ്ടാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.