തിരുവനന്തപുരം: മാണി ദാ വന്നു, സുധീരൻ ദേ പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ.എം.മാണിയും കൂട്ടരും യുഡിഎഫ് യോഗത്തിലേക്ക് കയറി വന്നപ്പോൾ കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 


കോണ്‍ഗ്രസിന്‍റെ പോക്ക് നാശത്തിലേക്കാണെന്ന് പറഞ്ഞ അദ്ദേഹം കെ.എം.മാണിയെ തിരിച്ചെടുക്കാന്‍ പാര്‍ട്ടിയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്താനല്ല എന്നും അഭിപ്രായപ്പെട്ടു. 


മാണിയെ മുന്നണിയില്‍ തിരിച്ചെത്തിയ്ക്കാന്‍ വേണ്ടി രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് മുന്നിൽ അടിയറവ് വച്ച കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷമായി തന്നെ സുധീരൻ പ്രതികരിച്ചു. മാണി യോഗത്തിന് എത്തുന്നതിന് മുൻപായിരുന്നു ഇത്. മാണിയുടെ സംഘവും വരുന്നതറിഞ്ഞ് സുധീരൻ യോഗം നടന്ന ഹാളിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.


മാണി യുഡിഎഫിന്‍റെ ഭാഗമാകുന്നത് നല്ല കാര്യം തന്നെയാണെന്ന് പറഞ്ഞു തുടങ്ങിയ സുധീരൻ പിന്നാലെ പറഞ്ഞതെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോൾ എടുത്ത തീരുമാനത്തിന്‍റെ ഗുണഭോക്താവ് ബിജെപിയാണെന്ന രൂക്ഷ വിമർശനം പിന്നീട് സുധീരൻ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. 


പാർട്ടിയുടെ തീരുമാനം എങ്ങനെ അണികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തുമെന്ന് സുധീരൻ ചോദിച്ചു. സുതാര്യമല്ലാത്ത തീരുമാനമാണിതെന്ന് പറയേണ്ടി വരുമെന്നും അത്തരത്തിലാണ് പലരുടെയും പ്രവൃത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തി യുഡിഎഫ് എന്ന സംവിധാനം എങ്ങനെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം മുന്നണിയുടെ സുഖമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും സുധീരൻ തുറന്നടിച്ചു. 


കേന്ദ്രത്തില്‍ ബിജെപി പിണങ്ങി നില്‍ക്കുന്ന സഖ്യകക്ഷികളെ ഇണക്കാന്‍ പതിനെട്ടടവും പയറ്റുമ്പോള്‍ കേരത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്‌. വി എം സുധീരനെപ്പോലെയുള്ള ശക്തനായ നേതാവിന്‍റെ വാക്കുകള്‍ക്ക് വില കൊടുക്കാത്തത് പാര്‍ട്ടിയ്ക്ക് ദൂഷ്യം ചെയ്യുമെന്നതില്‍ സംശയമില്ല.


രാജ്യസഭയില്‍ സീറ്റ് കുറഞ്ഞ് വരുന്ന കോണ്‍ഗ്രസിന് പിജെ കുര്യന്‍റെ അഭാവത്തില്‍ ഇനി രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനവും നഷ്ടപ്പെടും.