തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്‍ പ്രതിരോധത്തില്‍. ഈ വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു. വിവാദ പ്രസംഗം പരിശോധിക്കാന്‍ ഗവര്‍ണറും തീരുമാനിച്ചതോടെ സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നു, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതുപോലെ എഴുതി തുടങ്ങിയ ഗുരുതര പദപ്രയോഗങ്ങളാണ് ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയ്ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസും ബിജെപിയും മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.


Read Aslo:  'ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും...' ഇതാണ് സത്യപ്രതിജ്ഞയിലെ ആ വാചകം


സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിയ്ക്ക് അവകാശമില്ലെന്നും രാഷ്ട്രീയ വിഷയം മാറ്റാന്‍ വേണ്ടി ഭരണഘടനയെ തിരഞ്ഞെടുത്തത് മോശമായിപ്പോയെന്നും വിഡി സതീശന്‍ പറഞ്ഞു. അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പികളെ മന്ത്രി അപമാനിച്ചു എന്നും സതീശന്‍ പറഞ്ഞു. ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ അപകടകരം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സജി ചെറിയാന്റെ പരാമര്‍ശങ്ങളെ വിശേഷിപ്പിച്ചത്. ഏത് ഭരണഘടനയാണ് സജി ചെറിയാന്‍ വായിച്ചത് എന്ന ചോദ്യവും സുരേന്ദ്രന്‍ ഉന്നയിച്ചു.


ഇതിനിടെ മന്ത്രിയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതിയും ലഭിച്ചിട്ടുണ്ട്. വിവാദ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നത് സംസ്ഥാന സര്‍ക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടതിന് പിറകെ ആയിരുന്നു മുഖ്യമന്ത്രി സജി ചെറിയാനില്‍ നിന്ന് വിശദീകരണം തേടിയത്. സര്‍ക്കാരിലും സിപിഎമ്മിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.


എന്നാല്‍, താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല എന്ന നിലപാടിലാണ് സജി ചെറിയാന്‍ ഉള്ളത് എന്നാണ് വിവരം. തന്റെ വിശദീകരണം അദ്ദേഹവും മുഖ്യമന്ത്രിയെ അറിയിച്ചു എന്നും സൂചനയുണ്ട്. ഭരണകൂടത്തെ ആണ് താന്‍ വിമര്‍ശിച്ചത് എന്നാണത്രെ അദ്ദേഹം പറയുന്നത്. പക്ഷേ, പുറത്ത് വന്ന പ്രസംഗത്തിന്റെ വീഡിയോയില്‍ അത്തരമൊരു വിശദീകരണത്തെ സാധൂകരിക്കുന്ന ഒന്നും കാണാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 


ചെങ്ങന്നൂരില്‍ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആയിരുന്നു 2018 ല്‍ സജി ചെറിയാന്‍ നിയമസഭയിലേക്ക് എത്തുന്നത്. പിന്നീട് 2021 ലെ തിരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. രണ്ടാം പിണറായി മന്ത്രിസഭയില്‍ സാംസ്‌കാരിക, ഫിഷെറീസ് മന്ത്രിയായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.