തിരുവനതപുരം : പ്രത്യേക  രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഈ സവിശേഷ സാഹചര്യം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് ആരോഗ്യ  വകുപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുക. അതേസമയം ജില്ലക്ക് പുറത്തുള്ള സമാന കേസുകള്‍കൂടി പഠനത്തില്‍ വിഷയമാകും. 


ഡോക്ടര്‍മാരായ രശ്മി എം എസ്,നവീന്‍, ഗീതു മാത്യു, പാര്‍വതി എന്നിവരുടെ സംഘമാണ് ഇത് സംബന്ധിച്ച് പഠിക്കുക. ഇവരോടൊപ്പം പുഷ്പഗിരി കോളേജിലെ രണ്ട് മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികളും ഉണ്ട്. 


സംസ്ഥാനത്ത് പത്തനംതിട്ടയിലാണ് ആദ്യമായി ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.  മുന്‍പ് ഡല്‍ഹിയില്‍നിന്ന് എത്തിയ പന്തളം സ്വദേശിയായ വിദ്യാര്‍ഥിനിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചിരുന്നു. 


കൊറോണ വൈറസ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരില്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മൂന്ന് കേസുകളും ഇതേ സാഹചര്യത്തിലുള്ളതാണ്.  


ലക്ഷണങ്ങളില്ലാതെ  രോഗം സ്ഥിരീകരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്ന വിലയിരുത്തലിലാണ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.  രോഗലക്ഷണങ്ങളോടെയും അല്ലാതെയും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി, രോഗവ്യാപനം, ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് വേണ്ടിയുള്ള കാലയളവിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം പഠനവിധേയമാക്കും.