ഒരു നീന്തൽക്കുളം നന്നാക്കാനാവാത്തവരാണോ നാട് നന്നാക്കുക?
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ട് വന്ന ലോഡ് കണക്കിന് പാറകല്ലുകൾ കുളത്തിൽ കിടക്കുന്നുവെന്നും ഇതറിയാതെ ആരെങ്കിലും കുളത്തിൽ ഇറങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാവാനും ഇടയുണ്ടെന്നും നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയിലെ ടവർ വാർഡിലെ നീന്തൽകുളം നവീകരണം പൂർത്തിയാക്കാതെ കാടുകയറി നശിക്കുന്നു. നെടുമങ്ങാട് പൂവത്തൂർ പുത്തൻ ചിറയാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നതായി പരാതി ഉയരുന്നത്. നെടുമങ്ങാട് നഗരസഭ പരിധിയിലെ ഏക നീന്തൽ കുളമാണ് ഇത്.
നഗരസഭയുടെ പരിധിയിലെ ഒന്നര ഏക്കർ വരുന്ന സ്ഥലത്താണ് നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള ചിറ സ്ഥിതിചെയ്യുന്നത്. 45 ലക്ഷംരൂപ വിനിയോഗിച്ചാണ് 2020ൽ നീന്തൽകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ നവീകരണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ട് വന്ന ലോഡ് കണക്കിന് പാറകല്ലുകൾ കുളത്തിൽ കിടക്കുന്നുവെന്നും ഇതറിയാതെ ആരെങ്കിലും കുളത്തിൽ ഇറങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാവാനും ഇടയുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഒരു കാലത്ത് പുത്തൻ ചിറ നീന്തൽ കുളത്തിൽ നൂറ് കണക്കിന് കുട്ടികൾ നിന്തൽ പരിശീലനം നടത്തിയിരുന്നു.നാട്ടുകാർ ഒരുമിച്ച് ഒരു സ്വിമ്മിംഗ് ക്ലബ്ബ് ആരംഭിക്കുകയും രക്ഷകർത്താക്കൾ മുൻകൈയെടുത്ത് ചിറ വൃത്തിയാക്കി കുട്ടികൾക്ക് നിന്തൽ പരിശീലനത്തിനുള്ള സൗകര്യങ്ങളും നിർമ്മിച്ചിരുന്നു.
നീന്തൽകുളത്തിന് സമീപത്തായി 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്വിമ്മിംഗ് ക്ലബ്ബ് ഡ്രസ്സിംഗ് റൂം കെട്ടിടം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിലാണ്. കെട്ടിടത്തിൻറെ ഡോറുകൾ, ജന്നൽ ഗ്ലാസുകൾ പലതും പൊട്ടിച്ച നിലയിലാണ്. നവീകരണം പൂർത്തിയാക്കി നീന്തൽ കുളം പരിശീലനത്തിന് യോഗ്യമാക്കാനുള്ള അടിയന്തിര നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...