Sarovaram rape case: പീഡനവും മതപരിവർത്തനവും ഇല്ല; വിവാദമായ സരോവരം കേസിൽ പ്രതിയെ വെറുതേ വിട്ട് കോഴിക്കോട്ടെ കോടതി
സരോവരം ബയോപാർക്കിൽ വെച്ച് ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
കോഴിക്കോട്: സരോവരത്ത് ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതേ വിട്ടു. നടുവണ്ണൂർ കുറ്റിക്കണ്ടിയിൽ മുഹമ്മദ് ജാസിമിനെ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതിയാണ് വെറുതേ വിട്ടത്. പ്രതിയ്ക്ക് എതിരായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയും പെൺകുട്ടിയും വൈകാരികമായി അടുപ്പം പുലർത്തിയിരുന്ന കമിതാക്കളായിരുന്നുവെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചു. പ്രണയത്തെ തുടർന്നുണ്ടായ തർക്കമാണ് നിർബന്ധിത മതപരിവർത്തനമാക്കി മാറ്റാൻ ശ്രമിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. പെൺകുട്ടിയെ പീഡിപ്പിക്കാൻ വേണ്ടി മുറി തുറന്നു കൊടുത്തു എന്ന് പറയുന്ന രണ്ടാം പ്രതി അലി അക്ബർ എന്ന കെ.പി ഹാരിസ് അവിടെയുള്ള ജീവനക്കാരനാണെന്ന് തെളിയിക്കാൻ കഴിയാതിരുന്നതും പ്രോസിക്യൂഷന് തിരിച്ചടിയായി.
ALSO READ: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് വീടിന് തീവച്ചു; ആളപായമില്ല
കോഴിക്കോട് പ്രവർത്തിക്കുന്ന ഒരു പരീക്ഷാ പരിശീലന കേന്ദ്രത്തിലെ 19 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠിയായിരുന്ന ജാസിം പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2019 ജൂലൈ 25ന് സരോവരം ബയോപാർക്കിൽ വെച്ച് ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും സ്വർണവും പണവും തട്ടുകയും ചെയ്തെന്നാണ് കേസ്.
പരാതിയിൽ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന ആരോപണം കൂടി ഉണ്ടായതോടെ കേസ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മതപരിവർത്തനം ഉൾപ്പെടെയുള്ള പരാതികളുമായി പെൺകുട്ടിയുടെ രക്ഷിതാക്കൾ മുന്നോട്ടുവന്നതോടെയാണ് കേസ് വലിയ ചർച്ചയായത്. ക്രിസ്തുമത വിശ്വാസിയായ പെൺകുട്ടിയെ ജാസിം തൻറെ മതത്തിലേയ്ക്ക് മാറ്റാൻ നിർബന്ധിച്ചെന്നായിരുന്നു പ്രോസിക്യൂഷൻറെ ആരോപണം.
ആദ്യം കേസ് എടുത്ത നടക്കാവ് പോലീസ് പിന്നീട് ഇത് മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. മെഡിക്കൽ കോളേജ് സി.ഐ ആയിരുന്ന മൂസ വള്ളിക്കോടനായിരുന്നു കേസ് അന്വേഷണത്തിൻ്റെ ചുമതല. പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ക്രൈം ബ്രാഞ്ച് പുനരന്വേഷണം നടത്തി. 24 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ദേശീയ സുരക്ഷാ ഏജൻസിയും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഒന്നാം പ്രതിയ്ക്ക് വേണ്ടി ഷഹീർ സിംഗിനൊപ്പം അഡ്വ. കെ. എം അനിലേഷും രണ്ടാം പ്രതി ഹാരിസിന് വേണ്ടി അഡ്വ. പി. രാജീവും ഹാജരായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എൻ രഞ്ജിത്താണ് ഹാജരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...