COVID-19: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
കാസര്‍കോട് 6, എറണാകുളത്ത് 5, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 40 ആയി.
COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 44,390 പേര് നിരീക്ഷണത്തിലാണെന്നും ഇവരില്‍ 44,165 പേര് വീടുകളിലും 225 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയതായും 5,570 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ, രോഗലക്ഷണങ്ങള്‍ ഉള്ള 3,436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുന്നതായും ഇതില്‍ ലഭ്യമായ 2,393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലത്തെ പോലെയല്ല സംസ്ഥാനത്ത് ഇന്നത്തെ അവസ്ഥയെന്നും സഥിതി ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് രോഗം ബാധിച്ചയാള്‍ പലയിടത്തും സഞ്ചരിച്ചു. ഇത് വന്‍ പ്രയാസം സൃഷ്ടിക്കും. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഇയാള്‍ അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസര്‍കോട്ടേക്കും പോയി. ഫുട്ബോള്‍, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകള്‍ തുടങ്ങി എല്ലാ പൊതു പരിപാടികളിലും പങ്കെടുത്തു, മുഖ്യമന്ത്രി പറഞ്ഞു
കാസര്‍കോട് പ്രത്യേകം ജാഗ്രത പാലിക്കണം. ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. മുഴുവന്‍ കടകളും അടയ്ക്കും. കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ മാത്രമേ തുറക്കൂ. ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.