തിരുവനന്തപുരം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  രോഗികളുടെ ടെലിഫോണ്‍ രേഖകള്‍  ശേഖരിക്കണമെന്ന DGPയുടെ  ഉത്തരവ്  വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു..


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 12ന്  കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ  (DGP Loknath Behera) കോവിഡ്  രോഗികളുടെ  ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍  (Call detail record, CDR) കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.


എന്നാല്‍, കോവിഡ് രോഗികളുടെ  ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ  ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.  എന്നാല്‍,  സര്‍ക്കാരിന്‍റെ  നിലപാടില്‍  മാറ്റം കാണാത്ത  സാഹചര്യത്തില്‍  ഹര്‍ജിയുമായി പ്രതിപക്ഷനേതാവ് കോടതിയെ സമീപിച്ചിരുന്നു.


കോടതി ഹര്‍ജി പരിഗണിച്ച വേളയിലാണ്   സര്‍ക്കാര്‍  നിലപാട് മാറ്റിയത്.  കോവിഡ് രോ​ഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കില്ല, മറിച്ച്  ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നാണ്  സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 


കോവിഡ് രോ​ഗികളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി കോള്‍ ഡേറ്റാ റെക്കോഡുകള്‍ ആവശ്യമില്ല. വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോ​ഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ​ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


എന്നാല്‍, വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമായി ലഭിക്കുമോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സാങ്കേതികപരമായ ചില സംശയങ്ങള്‍ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 


ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിര്‍കക്ഷികളാക്കിയാണ്  പ്രതിപക്ഷ നേതാവ്  ഹര്‍ജി  നല്‍കിയത്.


Also read: COVID പ്രതിരോധം: രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന DGPയുടെ ഉത്തരവ് വിവാദത്തിലേയ്ക്ക്...


കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് പോലീസിന്‍റെ  ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പോലീസിനില്ല. പ്രതികളല്ല, രോഗികള്‍ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.