COVID പ്രതിരോധം: രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന DGPയുടെ ഉത്തരവ് വിവാദത്തിലേയ്ക്ക്...

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  രോഗികളുടെ ടെലിഫോണ്‍ രേഖകള്‍  ശേഖരിക്കണമെന്ന DGPയുടെ  ഉത്തരവ്  വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്  

Last Updated : Aug 12, 2020, 02:04 PM IST
  • വിവാദമായി DGPയുടെ ഉത്തരവ് ...
  • കോവിഡ് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്ന ഉത്തരവാണ് വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നത്
  • കോവിഡ് രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നിരിയ്ക്കുകയാണ്.
  • രോഗിയായതിന്‍റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പോലീസ് ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമാവുകയാണ്.
COVID പ്രതിരോധം:  രോഗികളുടെ ടെലിഫോണ്‍ രേഖകള്‍  ശേഖരിക്കണമെന്ന DGPയുടെ  ഉത്തരവ്   വിവാദത്തിലേയ്ക്ക്...

തിരുവനന്തപുരം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  രോഗികളുടെ ടെലിഫോണ്‍ രേഖകള്‍  ശേഖരിക്കണമെന്ന DGPയുടെ  ഉത്തരവ്  വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ  (DGP Loknath Behera) കോവിഡ്  രോഗികളുടെ  ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍  (Call detail record, CDR) കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടാതെ,  ബിഎസ്‌എന്‍എല്ലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന  ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 

Also read: സംസ്ഥാനത്ത് 1417 പേര്‍ക്ക് കൂടി കോവിഡ്

എന്നാല്‍, കോവിഡ് രോഗികളുടെ  ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ  ഏറെ പ്രതിഷേധം ഉയര്‍ന്നിരിയ്ക്കുകയാണ്.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി വ്യക്തിയുടെ ടെലഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്നത്  തികച്ചും  നിയമവിരുദ്ധമായ നീക്കമാണെന്നാണ്  ആരോപണം. വ്യക്തിയുടെ സ്വകാര്യതയില്‍ കയറി പൊലീസ് ഇടപെടുന്നുവെന്നും ഈ നിര്‍ദ്ദേശം ഏറെ അപകടമാണ്  എന്നും ഫോണ്‍ രേഖകള്‍ ദുരുപയോഗിക്കപ്പെടുമെന്നും വിമര്‍ശനമുണ്ട്. 

ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാറുള്ളത്. രോഗിയായതിന്‍റെ  പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പോലീസ് ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. 

നിലവില്‍ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക  പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍   (CDR) ശേഖരിക്കുന്നത്. എന്നാല്‍,  കോവി ഡ് പ്രതിരോധത്തിന്‍റെ  ചുമതല  പോലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്.

അതേസമയം,  കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ  ഭാഗമായി രോഗികളുടെ ടെലിഫോണ്‍ രേഖകള്‍ (സി ഡി ആര്‍) ശേഖരിക്കണമെന്ന DGPയുടെ ഉത്തരവ് വിവാദമായതോടെ  പ്രശ്നത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ രംഗത്തെത്തി.  കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചോദിച്ചാല്‍  മറുപടി പറയുന്നതിനും   വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനും പലരും തയ്യാറാവുന്നില്ല. ഈപ്രശ്നം  പരിഹരിക്കാനാണ് ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

Trending News