ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ സി.ബി.ഐയുടെ വക്കീലിനെ കാണില്ല. ഇതിനായി ഇടനിലക്കാര്‍ ഉടനെ ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന ദിവസം സി.ബി.ഐ വക്കീലിന് പനി ആയിരിക്കുമെന്ന് തീരുമാനിക്കുമെന്നും  അദ്ദേഹം പറഞ്ഞു. ഇഷ്ടക്കാരെയും ഏറാന്‍മൂളികളെയും പാവകളെയും വൈസ് ചാന്‍സിലര്‍മാരാക്കി അധ്യാപകരെ ക്രമരഹിതമായി നിയമിക്കാനാണ് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യുന്നത്. അല്ലാതെ നിയമ ഭേദഗതി ഗവര്‍ണറെ പൂട്ടാനല്ല. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളായി തരംതാഴ്ത്തി അക്കാദമിക് കാര്യങ്ങളിലെ സ്വയംഭരണാവകാശം ഇല്ലാതാക്കി ഗുണനിലവാരം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രബന്ധം മോഷ്ടിച്ചയാള്‍ക്ക് വരെ അധ്യാപക നിയമനം നല്‍കിയിരിക്കുകയാണ്. ബി.എ തോറ്റവര്‍ക്ക് എം.എ കോഴ്‌സിന് പ്രവേശനം നല്‍കി. ഇതൊക്കെയാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും അധ്യാപകരായും ജീവനക്കാരായുമൊക്കെ നിയമിക്കുന്നത് പാര്‍ട്ടിക്കാരെയാണ്.  സര്‍വകലാശാലകളെ ഇത്രയും രാഷ്ട്രീയവത്ക്കരിച്ചൊരു കാലമുണ്ടായിട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തും സര്‍വകലാശാലകളിലും കടന്നു കയറി ചരിത്രത്തെ വളച്ചൊടുക്കുന്നുവെന്നാണ് മോദി സര്‍ക്കാരിനെതിരായ ആക്ഷേപം. അതുതന്നെയാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും ഒഴിവാക്കി ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സിലര്‍മാര്‍ തന്നെയല്ലേ എന്നും അദ്ദേഹം വിമര്‍ശിച്ചു.‌


കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ എഴുതിയ സംഘപരിവാര്‍ അജണ്ടകളെല്ലാം ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഇവരൊക്കെയാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയുണ്ട്. അതിന്റെ ഭാഗമായാണ് കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നടത്തിയത്. ഇപ്പോള്‍ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിളിച്ച വി.സിയെ നിയമിച്ചത് ഗവര്‍ണര്‍ തന്നെയല്ലേ? കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയപ്പോള്‍ ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റായിരുന്നോ നിങ്ങളുടെ ഏജന്റായിരുന്നോയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. 


കേരള സര്‍വകലാശാല നിയമനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ പ്രതിനിധിയെ നല്‍കിയിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ എപ്പോള്‍ വേണമെങ്കിലും ഒത്തുതീര്‍പ്പിലെത്താം. അതുകൊണ്ടാണ് പ്രതിപക്ഷം കക്ഷി ചേരാത്തത്. നിയമവിരുദ്ധമായി സര്‍ക്കാരോ ഗവര്‍ണറോ പ്രവര്‍ത്തിച്ചാല്‍ പ്രതിപക്ഷം ചോദ്യം ചെയ്യും. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പിടരുതെന്നാണ് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.