കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ വിഷയത്തില്‍ കാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം രൂക്ഷമായി വിമര്‍ശിച്ചത്.


പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ പികെ പ്രേംനാഥായിരുന്നു കടുത്ത വിമര്‍ശനം ഉന്നയിച്ചത്.


തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നതാണ് കാനത്തിന്‍റെ നിലപാടെന്ന് പരസ്യമായി കുറ്റപ്പെടുത്തിയ സിപിഎം, രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് പിണറായിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയുണ്ടെന്നും ചോദിച്ചു.


അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിന് വ്യക്തമായ തെളിവുണ്ടെന്നും സിപിഎം പന്നിയങ്കരയില്‍ നടന്ന വിശദീകരണ യോഗത്തില്‍ വ്യക്തമാക്കി.


താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണെന്നും സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതെന്നും യോഗത്തില്‍ വ്യക്തമാക്കി.


മാത്രമല്ല ഇവിടെ നിന്നും പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും ജില്ലാ കമ്മിറ്റി അംഗമായ പികെ പ്രേംനാഥ് പറഞ്ഞു.