K Surendran : സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവകരമായ കാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: സിപിഎം (CPM) പരസ്യമായി ചൈനീസ് (China) ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവകരമായ കാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അവർ സ്വീകരിച്ചുവരുന്ന തുടർച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശം. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മെഗാ തിരുവാതിരക്കളിയിൽ പേരുദോഷം: സിപിഎമ്മിനെ വെട്ടിലാക്കിയ ആ 50 ഉം, 550 ഉം
കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്. രാജ്യത്തെ എല്ലാ വിധ്വംസന പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സിപിഎം പച്ചയായ രാജ്യദ്രോഹ പാർട്ടിയാണെന്നും ഇന്ത്യയോടല്ല ചൈനയോടാണ് അവർക്ക് കൂറെന്നും സുരേന്ദ്രൻ പറഞ്ഞു.
റിപ്പബ്ലിക്ക് ഡേ പരേഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണ്. കഴിഞ്ഞ മൂന്ന് വർഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...