കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ; തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മൊഴി നൽകി
Anavoor Nagappan: കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഉടൻ ഉണ്ടാകും. കത്ത് വ്യാജമാണെന്ന് മേയർ പറഞ്ഞിട്ടുണ്ടെന്നും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് മൊഴിയെടുത്തെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പോലീസിന് കൊടുത്ത മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഉടൻ ഉണ്ടാകും. കത്ത് വ്യാജമാണെന്ന് മേയർ പറഞ്ഞിട്ടുണ്ട്. ഡി.ആർ അനിലിന്റെ കത്തും പാർട്ടി പരിശോധിക്കുമെന്ന് ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ആനാവൂർ നാഗപ്പന്റെ മൊഴി ലഭിച്ചിട്ടില്ല എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരം. ആനാവൂർ നാഗപ്പനില്‍നിന്ന് ഔദ്യോഗികമായ മൊഴി ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കത്ത് വിവാദവുമായി ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞത്, കത്ത് കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒരു വിശദീകരണവും നൽകാനില്ല എന്നുമാണ്.
അനൗദ്യോഗികമായി നൽകിയ ഈ വിശദീകരണം, മൊഴിയായി രേഖപ്പെടുത്തണോ, ടെലഫോൺ മൊഴി എന്ന തരത്തിൽ രേഖപ്പെടുത്തണോ എന്ന ആശയക്കുഴപ്പം ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. എന്നാൽ ക്രൈംബ്രാഞ്ചിന് മുമ്പിൽ മൊഴി നൽകി എന്നാണ് ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...