കൊച്ചി: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനകീയ യാത്രയ്ക്കിടെ കെഎംആർഎല്ലിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടായതിൽ നിയമനടപടിക്കൊരുങ്ങി കെഎംആര്‍എല്‍‍. ജനകീയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ കെഎംആര്‍എലിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിനില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി, ട്രെയിനിലും പരിസരത്തും പ്രകടനം നടത്തി, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു, മെട്രോയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌റ്റേഷനിലെയും ട്രെയിനിലെയും വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നിയമനടപടികളിലേയ്ക്ക് കടന്നിരിക്കുന്നത്.


അതേസമയം, നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആര്‍എല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തിരിക്കുന്നത്. പിഴയൊടുക്കിയും നടപടിയില്‍ നിന്നു രക്ഷപ്പെടാം. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.