CM Pinarayi Vijayan: ക്രിയാത്മക നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിച്ച് മുന്നോട്ടു പോകും: പിണറായി വിജയൻ
Navakerala Alappuzha: ആലപ്പുഴ ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ: സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ആശയങ്ങൾ സ്വരൂപിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശ്ശേരിൽ കൺവെൻഷൻ സെൻററിൽ ആലപ്പുഴ ജില്ല നവകേരള സദസിന്റെ രണ്ടാം പ്രഭാത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് എത്തുന്നവരുമായുള്ള ആശയ സംവേദനത്തിൽ വിലപ്പെട്ട നിർദ്ദേശങ്ങളാണ് ഇതുവരെ ലഭിച്ചത്. യോഗങ്ങളിൽ ഉരുത്തിരിയുന്ന ക്രിയാത്മകമായ ആശയങ്ങൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓണാട്ടുകരയുടെ കാർഷികപ്പെരുമ, സംയോജിത കൃഷി, ടൂറിസം സാധ്യതകൾ, ഭിന്നശേഷി വ്യക്തികളുടെ പ്രശ്‌നങ്ങൾ, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, ആയുർവേദം തുടങ്ങി മേഖലകളിൽ നിന്നുള്ള നിർദേശങ്ങളാണ് യോഗത്തിൽ ചർച്ചയായത്. യോഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: മഴ കനക്കും; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ
തീരുമാനങ്ങൾ വേഗത്തിൽ എടുക്കുക, ജനങ്ങൾക്ക് തീരുമാനങ്ങളുടെ സ്വാദ് അനുഭവിക്കാനാകുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫയൽ തീർപ്പാക്കൽ, അദാലത്ത്, അവലോകന യോഗങ്ങൾ തുടങ്ങിയ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ തീരുമാനങ്ങളിലെ കാലതാമസം ഒഴിവാക്കുകയാണ് സർക്കാർ ചെയ്തത്. നമ്മുടെ നാട് എവിടെ എത്തിനിൽക്കുന്നു, ഇനി മുന്നോട്ട് പോകാൻ സ്വീകരിക്കേണ്ട നടപടികൾ എന്തെല്ലാമാണ് എന്ന് ചർച്ച ചെയ്യുകയാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
2017-ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ ഏട് എഴുതി ചേർക്കുകയായിരുന്നു സംസ്ഥാന സർക്കാർ. 2016 തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ച പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെല്ലാം നടപ്പായി എന്നത് ജനസമക്ഷം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തു തന്നെ ഒരുപക്ഷെ ഇത് ആദ്യമാണ്. വരും വർഷങ്ങളിലും ഇത് തുടർന്നുവന്നു. 2021 ആയപ്പോഴേക്കും വിരലിലെണ്ണാവുന്ന കാര്യങ്ങൾ ഒഴികെ മറ്റെല്ലാ കാര്യങ്ങളും നടപ്പായതായി ജനങ്ങൾ വിലയിരുത്തി. ഇതിനൊപ്പം തന്നെ ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെട്ടു. കാലതാമസമില്ലാതെ അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനായി.
പ്രശ്‌നപരിഹാരത്തിനായി താലൂക്ക് തലത്തിൽ മന്ത്രിതല സമിതി കൂടി. ഒട്ടേറെ കാര്യങ്ങൾ പരിഹരിക്കാനായി. തീർപ്പാക്കാൻ കഴിയാത്തതായി മാറ്റിവെച്ചവ പരിഹരിക്കാൻ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതല യോഗം ചേർന്നു. ഇതിന്റെ തുടർച്ചയായി മന്ത്രിസഭ ആകെ പങ്കെടുത്തുകൊണ്ട് ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ളവരുടെ മേഖലാതല യോഗം ചേർന്നു. ഓരോ മേഖലയെയും പ്രത്യേകമായി പരിഗണിച്ച് തടസ്സങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാനായി. ഫലപ്രദമായ ഈ സംവിധാനത്തിലൂടെ ജില്ലകളിൽ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടും കാലങ്ങളായി പരിഹാരം കാണാതെ കിടന്ന ചില പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്താനായി.
ഇതോടൊപ്പം തന്നെ വനം, തീരദേശം തുടങ്ങി പ്രത്യേക മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വനസൗഹൃദ സദസ്സുകളും തീരസദസ്സുകളും ചേർന്നു. ഈ മേഖലകളിലെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനൊപ്പം സർക്കാർ ഈ മേഖലയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു ഇനി എന്തെല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നും മനസ്സിലാക്കി നൽകാനായി. പ്രത്യേകം ചർച്ച ചെയ്തു പരിഹരിക്കാൻ ബാക്കിയുള്ളവയ്ക്കായി സംസ്ഥാന തലത്തിൽ യോഗം ചേർന്നു. തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര ബിഷപ്പ് എബ്രഹാം മാർ എപ്പിഫാനിയോസ്, സ്വാതന്ത്ര്യ സമര സേനാനി കെ.എ. ബക്കർ, ജാഫർ സാദിഖ് സിദ്ദിഖി, കലാകാരി എസ്. കൺമണി, വിദേശ വ്യവസായി ജോൺ മത്തായി, സമസ്ത മുശാഹറ അംഗം താഹ മുസ്ലിയാർ കായംകുളം എന്നിവർ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ പ്രഭാത സദസ്സാണ് നടന്നത്. 240 ക്ഷണിതാക്കൾ പങ്കെടുത്തു. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിസഭാ അംഗങ്ങൾ സന്നിഹിതരായിരുന്നു. എ.എം. ആരിഫ് എം.പി, എം.എൽ.എ.മാരായ യു. പ്രതിഭ, എം.എസ്. അരുൺകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ കലക്ടർ ജോൺ വി. സാമുവൽ സ്വാഗതം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.