അഭിമന്യു വധം: വലിയ അക്രമങ്ങൾ ലക്ഷ്യമിട്ടാണ് പ്രതികള്‍ കോളേജില്‍ എത്തിയത്
കൊച്ചി: അഭിമന്യുവിന്‍റെ കൊലപാതകം മാത്രമല്ല മറ്റ് വലിയ അക്രമങ്ങൾ ലക്ഷ്യമിട്ടാണ് ജൂലായ് ഒന്നിന് കോളേജിലെത്തിയതെന്ന് കസ്റ്റഡിയിലുള്ള മൂന്നുപ്രതികൾ പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്.
സംഘത്തിന് ലഭിച്ച നിർദേശമനുസരിച്ച് ഞായറാഴ്ച രാത്രി പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് മനഃപൂർവം സംഘർഷമുണ്ടാക്കി കാമ്പസ് ഫ്രണ്ടിന്‍റെ ചുവരെഴുത്ത് മായ്ച്ചുകളഞ്ഞവരെ ആക്രമിക്കാനാണ് ഈ സംഘം അവിടെ എത്തിയത്. അഭിമന്യുവിനെ മാത്രമല്ല, പരമാവധി എസ്.എഫ്.ഐ. പ്രവർത്തകരെ ആക്രമിക്കാനായാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.
അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ശ്രമമുണ്ട്. സംസ്ഥാനത്തെ എസ്.ഡി.പി.ഐ.യുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. പ്രതികൾ ഉപയോഗിച്ച മൊബൈൽഫോൺ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
ബിലാൽ, റിയാസ്, ഫറൂക്ക് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച പിടിയിലായ നവാസ്, ജെഫ്‌റി എന്നിവരെ റിമാൻഡ് ചെയ്തു.