കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടി. കസ്റ്റംസില്‍ ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ദുബായില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാന്‍ എന്നയാളുടെ സ്വര്‍ണം അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിച്ചു. 


മൂന്ന് കിലോയോളം വരുന്ന സ്വര്‍ണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ഡിആര്‍ഐ നിരീക്ഷിക്കുകയായിരുന്നു. 


സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് കസ്റ്റംസിന്റെ വാദം.