തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പ് തലവന്മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വകുപ്പ് തലവന്മാര്‍ അവരവരുടെ വകുപ്പിനു കീഴിലുള്ള പ്രദേശങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ ഇത്തരത്തില്‍ മുറിച്ചു മാറ്റണം. നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ശിഖരങ്ങള്‍ മുറിച്ചു മാറ്റാന്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവയുടെ ശിഖരങ്ങളും മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ നോട്ടീസ് നല്‍കണം. വസ്തു ഉടമ സ്വമേധയാ ശിഖരങ്ങള്‍ മുറിയ്ക്കാതിരുന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ഈ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും ചെലവായ തുക വസ്തു ഉടമയില്‍ നിന്നും ഈടാക്കുകയും വേണം.


അപകടകരമായ വൃക്ഷങ്ങള്‍ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കില്‍ അത്തരം മരങ്ങള്‍ മുറിക്കുവാനുള്ള അനുമതിയ്ക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ സഹിതം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം. നിര്‍ദ്ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ പരിധിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുള്ള ബാധ്യതയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.