ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ വെന്നിക്കൊടി പാറിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ആലപ്പുഴയില്‍ പാര്‍ട്ടി പരാജയം രുചിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലാണ് ഈ മണ്ഡലത്തിലെ മുന്‍ എംപി. എന്നാല്‍, ആലപ്പുഴ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലി കെ.സി വേണുഗോപാലിനെതിരെ ഡി.സി.സി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിലാണ് വേണുഗോപാലിനെതിരെ വിമര്‍ശനമുയര്‍ന്നത്. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തലായിരുന്നു ആലപ്പുഴ ഡി.സി.സി യോഗത്തിലെ പ്രധാന അജണ്ട. 


എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ.സി വേണുഗോപാല്‍ പ്രചരണരംഗത്ത് സജീവമാകാത്തത് തോല്‍വിക്ക് കാരണമായതായി യോഗം വിലയിരുത്തി. കൂടാതെ, സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ പോലും പങ്കെടുപ്പിക്കാതെ റോഡ് ഷോ നടത്തി എന്നീ ആരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.


അതേസമയം, യോഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിന് ശേഷം നടന്ന മൂന്ന് പ്രധാന യോഗങ്ങളിലും ഷാനിമോള്‍ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഷാനിമോള്‍ പങ്കെടുക്കാത്ത മൂന്നാമത്തെ പ്രധാന യോഗമാണ് ഇത്. നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്നും ഷാനിമോള്‍ വിട്ടുനിന്നിരുന്നു. 


തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആലപ്പുഴയില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് കെ.സി വേണുഗോപാലാണ് ഉത്തരവാദി എന്നതരത്തില്‍ വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു.