തിരുവനന്തപുരം: ജനാധിപത്യ സര്‍ക്കാരിന് ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സദാസമയവും ജാഗരൂകയായിരിക്കുകയും പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത്  ഇരുപത്തി നാലാമത് ശ്രീ ചിത്തിര തിരുന്നാൾ സ്മാരക  പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി. 


മതവും ജാതിയും പണവുമാണ് ഇപ്പോൾ അധികാരം കൈയാളുന്നത്. മഹാന്മാരായ ഭരണാധികാരികളെയാണ് ഓരോ ജനതക്കും ആവശ്യം. സമാധാനവും നീതിയും പുലരാൻ അത് ആവശ്യമാണ്. മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടകലർത്തരുത്. രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനാവണം മുൻ തൂക്കമെന്നും അദ്ദേഹം പറഞ്ഞു


മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ശ്രീ ചിത്തിര തിരുന്നാളിന് വിശാലമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്നതായി ഉപരാഷ്ട്രപതി അനുസ്മരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കേണ്ടതിന്‍റെ ആവശ്യം അദ്ദേഹം ദീര്‍ഘവീക്ഷണം നടത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 


ജനാധിപത്യ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാകണമെങ്കില്‍ കാലത്തിന്‍റെ മാറ്റങ്ങളോട് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നാളെ രാവിലെ 10നു കോഴിക്കോട് ഹാജി എ.പി.ബാവ കൺവൻഷൻ സെന്‍ററിൽ ഫാറൂഖ് കോളജിന്‍റെ രജതജൂബിലി ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11.30നു നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിനു കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങുക.