കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിട്ട്‌ ഇന്നേക്ക് അന്‍പത് ദിവസമാവുകയാണ്. ഓരോ പ്രാവശ്യവും ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുമ്പോള്‍ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്. പക്ഷെ കൂടുതല്‍ തെളിവുകള്‍ പോലീസ് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ദിലീപിന് ഇല്ലാതാവുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ പള്‍സര്‍ സുനി ദിലീപിന് അയച്ച ശബ്ദ സന്ദേശമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായത്. 'ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദ സന്ദേശമാണ് പൊലീസുകാരനെ സ്വാധീനിച്ചു കൈക്കലാക്കിയ ഫോണില്‍നിന്ന് സുനി ദിലീപിന് അയച്ചത്. സുനിയെ പരിചയമില്ല എന്ന ദിലീപിന്‍റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് സുനി അയച്ച ഈ സന്ദേശം മുഖേനയാണെന്നാണ് സൂചനകള്‍.


അതേസമയം ഓരോ ജാമ്യാപേക്ഷ വരുമ്പോഴും ഭാര്യ, കാവ്യാമാധവന്‍ പ്രതീക്ഷയിലായിരുന്നു. ദിലീപിന് വേണ്ടി ഹാജരായ വക്കീല്‍ രാംകുമാര്‍ ജാമ്യം ലഭിക്കുമെന്നുള്ള എല്ലാ ഉറപ്പും കൊടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതിയിലും രാംകുമാറിന്‍റെ വാദങ്ങള്‍ തള്ളിയപ്പോള്‍ കാവ്യ തീര്‍ത്തും നിരാശയായി.


പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാവ്യ ഇന്നത്തെ വിധിയെ നേരിട്ടത്. ആര്‍ക്കും അവരെ നിയന്ത്രിക്കാനായില്ല. മകള്‍ മീനാക്ഷിയും കടുത്ത വിഷമത്തിലാണ്. അച്ഛനെ കണ്ടിട്ട് അന്‍പത് ദിവസത്തിലേറെയായി. ജയിലിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ അങ്ങോട്ട് പോയി കാണാനാകാത്തതും ഇരുവരേയും വിഷമിപ്പിക്കുന്നുണ്ട്.


ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയ സ്ഥിതിയ്ക്ക് ദിലീപിന് ഇനി സുപ്രീംകോടതിയെ സമീപിക്കാനേ കഴിയൂ. എന്നാല്‍ പീഡനക്കേസുകളില്‍ സുപ്രീംകോടതിയുടെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതാണ്. അതിനാല്‍ തന്നെ ജാമ്യം കിട്ടുന്നതിനെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ അറിയാം.